റണ്‍വേയ്ക്ക് കുഴപ്പമൊന്നുമില്ല: മെയ് ഏഴുമുതല്‍ കരിപ്പൂരില്‍ ഇറങ്ങിയത് 100 വിമാനങ്ങളെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍

സ്വന്തം ലേഖകന്‍ August 8, 2020

കരിപ്പൂര്‍ വിമാനത്താവളത്തിലുണ്ടായ അപകടം എങ്ങനെയുണ്ടായി എന്നുള്ളത് ഇപ്പോള്‍ അധികൃതര്‍ പരിശോധിച്ചുവരികയാണ്. അപകടസാധ്യതയെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ വ്യോമയാന മന്ത്രാലയവും അധികൃതരും അവഗണിച്ചതായുള്ള ആരോപണത്തെ തള്ളിക്കളഞ്ഞ് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍.

മേയ് 7 മുതല്‍ കരിപ്പൂരില്‍ നൂറിനടുത്ത് വിമാനങ്ങള്‍ വന്ദേ ഭാരത് ദൗത്യത്തില്‍ ലാന്‍ഡ് ചെയ്തിട്ടുണ്ടെന്നും റണ്‍വേയ്ക്ക് യാതൊരു കുഴപ്പവുമില്ലെന്നും വി മുരളീധരന്‍ പറഞ്ഞു. ദുബായില്‍ നിന്ന് വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് ബോയിംഗ് 737 എന്‍ ജി വിമാനം തകര്‍ന്ന് ഇന്നലെ രണ്ട് പൈലറ്റുമാരടക്കം 18 പേരാണ് കരിപ്പൂരില്‍ മരിച്ചത്. കനത്ത മഴയുണ്ടായിരുന്നതായും ആദ്യ ലാന്‍ഡിംഗ് ശ്രമം പരാജയപ്പെട്ടതായുമാണ് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചതെന്ന് വി മുരളീധരന്‍ പറഞ്ഞു.

ഇന്നലത്തെ അപകടത്തിന് കാരണം റണ്‍വേയുടെ പ്രശ്‌നമല്ല എന്ന് വ്യോമയാന മന്ത്രി പറഞ്ഞിട്ടുണ്ടെന്ന് മുരളീധരന്‍ ചൂണ്ടിക്കാട്ടി. രാജ്യത്ത് ടേബിള്‍ ടോപ്പ് റണ്‍വേയുള്ള വേറെയും വിമാനത്താവളങ്ങളുണ്ട്. അതേസമയം ഇത്തരം എയര്‍പോര്‍ട്ടുകള്‍ക്ക് ഓപ്പറേഷന്‍ തുടരാന്‍ അര്‍ഹതയുണ്ടോ എന്നത് വലിയൊരു ചോദ്യമാണെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.

എന്നാല്‍ ടേബിള്‍ ടോപ്പ് റണ്‍വേകളെ പൂര്‍ണമായും തള്ളിക്കളയാനാകില്ലെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു. ഇത്തരം മോശം കാലാവസ്ഥകളില്‍ ടേബിള്‍ ടോപ്പ് റണ്‍വേകളിലെ ലാന്‍ഡിംഗ് അപകടകരമാകുന്നത് മറ്റൊരു പ്രശ്‌നമാണ്. വ്യോമസേനയില്‍ പ്രവര്‍ത്തിച്ചതടക്കം വലിയ അനുഭവസമ്പത്തുള്ള പൈലറ്റ് ആയിരുന്നു ഇന്നലെ വിമാനം പറത്തിയത് എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. 300 യാത്രക്കാരെ ഉള്‍ക്കൊള്ളാവുന്ന ജംബോ ജെറ്റ് വിമാനം വരെ കരിപ്പൂരില്‍ ഇറങ്ങിയിട്ടുണ്ടെന്ന് മുരളീധരന്‍ പറഞ്ഞു. ഇതിലും ചെറിയ വിമാനമാണ് ഇന്നലെ തകര്‍ന്നതെന്നും മുരളീധരന്‍ പറഞ്ഞു.

Read more about:
EDITORS PICK