സിനിമകളും സ്‌റ്റേജ് പരിപാടികളും ഇല്ല, ജീവിക്കാന്‍ വേണ്ടി പച്ചക്കറി വ്യാപാരം തുടങ്ങി ചലച്ചിത്രതാരം

സ്വന്തം ലേഖകന്‍ August 11, 2020

കൊവിഡ് പ്രതിസന്ധിക്കിടെ സിനിമാ മേഖലയിലെ ദിവസവേതനക്കാര്‍ ഒരുപാട് കഷ്ടപ്പെടുന്നു. ചെറിയ വേഷങ്ങളിലൂടെ ജീവിതം മുന്നോട്ട് നീക്കിയ താരങ്ങളും പ്രതിസന്ധിയിലാണ്. ഷൂട്ടിങ്ങും സ്റ്റേജ് പരിപാടികളും മുടങ്ങിയപ്പോള്‍ ജീവിതം മുന്നോട്ടുപോകാന്‍ പച്ചക്കറി വ്യാപാരം തുടങ്ങിയിരിക്കുകയാണ് നടന്‍ ശിവദാസ് മട്ടന്നൂര്‍.

കോമഡി സ്‌റ്റേജ് പരിപാടികളിലൂടെയാണ് ശിവദാസിനെ പരിചിതം. ശിവദാസ് മട്ടന്നൂരും, സതീഷ് കൊതേരിയും ചേര്‍ന്നാണ് കൊതേരിയില്‍ പച്ചക്കറി വില്‍പ്പന ആരംഭിച്ചത്. കീഴല്ലൂര്‍ പഞ്ചായത്ത് പരിധിയിലുള്ള വീടുകളില്‍ പച്ചക്കറി വണ്ടിയുമായി എത്തി ശിവദാസും കൂട്ടരും കച്ചവടം നടത്താറുണ്ട്. പുലര്‍ച്ചെ മൂന്ന് മണിക്ക് മാര്‍ക്കറ്റിലെത്തി ഇവര്‍ പച്ചക്കറി ശേഖരിക്കും. വൈകിട്ട് ആറുവരെ ഇവര്‍ പച്ചക്കറി വില്‍പന നടത്തും. നാടന്‍ പച്ചക്കറികളും ഇതിനൊപ്പം ഉണ്ടാവും.

വിഷരഹിതമായ പച്ചക്കറികള്‍ സമൂഹത്തിന് വിതരണം ചെയ്യുക, വിറ്റുകിട്ടുന്ന ലാഭവിഹിതത്തിന്റെ ഒരു പങ്ക് പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന കലാകാരന്മാരുടെ കുടുംബത്തിന് സഹായത്തിനായി ഉപയോഗിക്കുക എന്നീ ലക്ഷ്യങ്ങളോട് കൂടിയാണ് ഈ കടയുടെ പ്രവര്‍ത്തനം ഇവര്‍ ആരംഭിച്ചത്.

നിലവില്‍ പ്രോഗ്രാമുകളൊന്നും തന്നെ ഇല്ലാത്തതിനാല്‍ ചെറിയ മുതല്‍ മുടക്കില്‍ ആരംഭിക്കാന്‍ കഴിയുന്ന എന്തെങ്കിലും കച്ചവടം ഉണ്ടോ എന്ന് ആലോചിച്ചപ്പോള്‍ മനസ്സില്‍ വന്നത് പച്ചക്കറി കച്ചവടമാണ്. അങ്ങനെയാണ് ഈ കച്ചവടം നടത്താമെന്ന് തീരുമാനിച്ചതെന്ന് നടന്‍ ശിവദാസ് മട്ടന്നൂര്‍ പറഞ്ഞു. വീട്ടില്‍ തന്നെയാണ് ആദ്യം ആരംഭിച്ചത്. ശേഷം കട എടുക്കുകയായിരുന്നു. നമ്മക്കിത് അറിയാത്ത ബിസിനെസ്സ് ആയിരുന്നത് കൊണ്ട് തുടക്കത്തില്‍ അതിന്റേതായ കുറച്ച് ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. പിന്നീട് ആ ബുദ്ധിമുട്ടുകളൊക്കെ മാറി. ആളുകളൊക്കെ നല്ല സഹകരണമാണ്. ഞങ്ങള്‍ വീടുകളിലും പച്ചക്കറി കൊണ്ട് കൊടുക്കാറുണ്ട്. 60 വയസ് കഴിഞ്ഞവര്‍ക്ക് പുറത്തിറങ്ങാന്‍ സാധിക്കില്ലലോ അവര്‍ക്കും ഇതൊരു സഹായമാണ്.

Read more about:
EDITORS PICK