ഡോക്ടറുടെ കുറിപ്പടിയില്ലെങ്കില്‍ പാരസെറ്റാമോള്‍ നല്‍കില്ലെന്ന് മെഡിക്കല്‍ സ്‌റ്റോറുകള്‍

സ്വന്തം ലേഖകന്‍ August 12, 2020

മഴ ശക്തമായതോടെ പലര്‍ക്കും പനി ഉണ്ടാകാം. എന്നാല്‍, കടുത്ത പനിയുണ്ടായിട്ടും ഡോക്ടറെ കാണാതെ പാരസെറ്റാമോള്‍ വാങ്ങി കഴിക്കുന്നവരാണ് പലരും. ഈ സാഹചര്യത്തിലാണ് കൊച്ചിയിലെ മെഡിക്കല്‍ സ്‌റ്റോറുകള്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. പാരസെറ്റാമോളിനു പുറമേ പനി, ജലദോഷം, അലര്‍ജി, ചുമ തുടങ്ങി ചെറിയ അസുഖങ്ങള്‍ക്കുള്ള മരുന്നുകള്‍ മിക്കതിനും ഈ നിയന്ത്രണം ബാധകമാണ്.

കോവിഡ് ഭീതിയെ തുടര്‍ന്നു പലരും ആശുപത്രികളിലേക്കു പോകാന്‍ മടിക്കുകയാണ്. പനി ഉള്‍പ്പെടെ ചെറിയ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ കുറിപ്പടി ഇല്ലാതെ നല്‍കരുതെന്ന പൊതു നിര്‍ദേശം ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം നല്‍കിയിട്ട് 4 മാസമായി. ഇതു സംബന്ധിച്ചു മരുന്നു വിതരണക്കാര്‍ക്കും വ്യാപാരികള്‍ക്കും ഈ രംഗത്തെ സംഘടനകള്‍ക്കും വാക്കാലുള്ള നിര്‍ദേശം മാത്രമാണ് ആദ്യം ലഭിച്ചത്.

അതിനാല്‍ മെഡിക്കല്‍ സ്റ്റോറുകളില്‍ നിയന്ത്രണം പൂര്‍ണ തോതില്‍ പാലിച്ചിരുന്നില്ല. എന്നാല്‍, കോവിഡ് വ്യാപനം ഉയരാന്‍ തുടങ്ങിയതോടെ ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം കര്‍ശന നിരീക്ഷണം ആരംഭിക്കുകയും നിയന്ത്രണം കടുപ്പിക്കുകയുമായിരുന്നു. ഏപ്രില്‍, മേയ് മാസങ്ങളില്‍ ചെന്നൈ, മംഗളൂരു, ബെംഗളൂരു തുടങ്ങിയ നഗരങ്ങളില്‍ കര്‍ശന നിയന്ത്രണം നിലവില്‍ വന്നിരുന്നു.

കോവിഡിന്റെ പ്രധാന ലക്ഷണം പനി, തൊണ്ടവേദന, ചുമ, ജലദോഷം എന്നിവയാണ് എന്നതാണു നിയന്ത്രണത്തിന്റെ അടിസ്ഥാനം. കോവിഡ് ഉള്ളവര്‍ പനിയാണെന്നു കരുതി പാരസെറ്റമോള്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ കഴിക്കുകയും ശരീരോഷ്മാവു കുറയുമ്പോള്‍ പുറത്തിറങ്ങി നടക്കുകയും ചെയ്യുന്നതു രോഗവ്യാപനം വര്‍ധിപ്പിക്കുമെന്ന ആശങ്കയാണ് തീരുമാനത്തിനു പിന്നില്‍.

Read more about:
EDITORS PICK