ഇനിയും ഇങ്ങനെ നാണം കെടാന്‍ പറ്റില്ല: മെസ്സി ബാഴ്‌സലോണ വിടും

സ്വന്തം ലേഖകന്‍ August 15, 2020

ഇനിയും മാറ്റങ്ങള്‍ ഇല്ലായെങ്കില്‍ ലയണല്‍ മെസി ബാഴ്‌സലോണ വിടുമെന്ന് സൂചന. ഇനിയും നാണം കെടാന്‍ പറ്റില്ലെന്ന് കഴിഞ്ഞദിവസം ബാഴ്‌സ ബാക്ക് പികെ പറഞ്ഞിരുന്നു.

ബയേണെതിരായ 8-2ന്റെ പരാജയം ബാഴ്‌സലോണയുടെ പതനം പൂര്‍ണ്ണമാക്കുന്നതായിരുന്നു. ലയണല്‍ മെസ്സിയും ക്ലബിന്റെ പ്രവര്‍ത്തനങ്ങളില്‍ അതീവ നിരാശയിലാണ്. ഇനിയും ക്ലബ് മാറാന്‍ തയ്യാറായില്ല എങ്കില്‍ താന്‍ ക്ലബ് വിടും എന്നാണ് മെസ്സി ബോര്‍ഡിനോട് വ്യക്തമാക്കിയിട്ടുള്ളത്. ക്ലബില്‍ എല്ലാ മേഖലയിലും മാറ്റങ്ങളാണ് മെസ്സി ആവശ്യപ്പെടുന്നത്.

ആദ്യ മാറ്റം പരിശീലകനില്‍ ആകും വേണ്ടത്. സെറ്റിയനെ ഉടന്‍ തന്നെ പുറത്താക്കണം എന്നതാണ് മെസ്സിയുടെ ആദ്യ ആവശ്യം. ഒപ്പം മികച്ച പരിശീലകനെ തന്നെക്കൊണ്ടു വരണം. ബാഴ്‌സലോണയുടെ ശൈലിയില്‍ കളിക്കാന്‍ പറ്റുന്ന പരിശീലകനെ തന്നെ എത്തിക്കണം എന്നും മെസ്സിക്ക് നിര്‍ബന്ധമുണ്ട്. യുവതാരങ്ങളെ സൈന്‍ ചെയ്യാനും മെസ്സി ആവശ്യപ്പെടുന്നു. അവസാന കുറേ കാലമായുള്ള ബാഴ്‌സലോണയുടെ ട്രാന്‍സ്ഫറുകള്‍ ദയനീയമായിരുന്നു.

ഇതിന്റൊപ്പം ട്രാന്‍സ്ഫറുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന അബിദാല്‍ അടങ്ങുന്ന സംഘത്തെ പുറത്താക്കാനും മെസ്സി ആവശ്യപ്പെടുന്നുണ്ട്. ഈ ആവശ്യങ്ങള്‍ ഒക്കെ അംഗീകരിച്ചില്ല എങ്കില്‍ ഇനിയും കാത്തു നില്‍ക്കാതെ മെസ്സി ക്ലബ് വിട്ടേക്കും. ക്ലബിന്റെ ബോര്‍ഡിനെതിരെയും മെസ്സി രംഗത്തുണ്ട്. ഇത്തവണ ഒരു കിരീടം പോലും നേടാതെയാണ് ബാഴ്‌സലോണ സീസണ്‍ അവസാനിപ്പിച്ചത്.

Tags:
Read more about:
EDITORS PICK