കൊവിഡിന്റെ ആദ്യ ലക്ഷണം അറിഞ്ഞിരിക്കൂ.. ശരീരത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് വിവരിച്ച് ഗവേഷകര്‍

സ്വന്തം ലേഖകന്‍ August 18, 2020

കൊറോണ വൈറസ് ശരീരത്തില്‍ കയറിയാല്‍ ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് തിരിച്ചറിയാന്‍ പറ്റുന്നുണ്ടോ? എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാകുകയെന്ന് ഗവേഷകര്‍ വിവരിക്കുന്നു. കോവിഡ് 19 രോഗികള്‍ക്ക് ആദ്യം കാണപ്പെടുന്ന ലക്ഷണം പനി ആയിരിക്കുമെന്നാണ് ഇവര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്.

പനിക്ക് പിന്നാലെ ചുമ, പേശിവേദന, മനംമറിച്ചില്‍, ഛര്‍ദ്ദി, വയറിളക്കം എന്നിങ്ങനെയായിരിക്കും രോഗലക്ഷണങ്ങള്‍ കാണപ്പെടുകയെന്ന് ഗവേഷകര്‍ പറഞ്ഞു.
കോവിഡ് രോഗികളില്‍ കാണപ്പെടുന്ന ലക്ഷണങ്ങള്‍ മിക്കവാറും ഈ ക്രമത്തില്‍ ആയിരിക്കുമെന്നാണ് പഠനം നടത്തിയ ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്.

ഈ കണ്ടെത്തല്‍ ഡോക്ടര്‍മാര്‍ക്ക് വളരെ വേഗം രോഗനിര്‍ണയം നടത്താന്‍ സഹായിക്കുമെന്നും ശരിയായ ചികിത്സയും ഐസൊലേഷന്‍ പോലുള്ള മുന്‍കരുതലുകളും സ്വീകരിക്കാന്‍ സഹായകമാകുമെന്നും ഗവേഷകര്‍ പറയുന്നു. പകര്‍ച്ചപ്പനിയും കോവിഡും തമ്മില്‍ തിരിച്ചറിയാനാകാതെ പോകുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാകുന്നതിനാല്‍ ഈ ക്രമം വളരെയധികം പ്രാധാന്യമുള്ളതാണെന്ന് പഠനം നടത്തിയ ഗവേഷകര്‍ പറയുന്നു.

രോഗികളുടെ സ്ഥിതി സങ്കീര്‍ണമാകുന്നതിന് മുമ്പ് ചികിത്സ ലഭ്യമാക്കാന്‍ ഇതുവഴി സാധിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. നേരത്തെ രോഗം തിരിച്ചറിയുന്നത് മികച്ച ചികിത്സ ഉറപ്പുവരുത്തുന്നതിനൊപ്പം ആശുപത്രിവാസം കുറയ്ക്കാനും സഹായിക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്.

സാര്‍സ്, മെര്‍സ്, കോവിഡ് എന്നീ രോഗങ്ങളുടെ ആദ്യ രണ്ട് ലക്ഷണങ്ങള്‍ പനിയും ചുമയും തന്നെയാണ്. എന്നാല്‍ കോവിഡ് ബാധിതരുടെ ദഹനനാളിയുടെ മുകള്‍ ഭാഗത്തായിരിക്കും വൈറസ് ബാധ കാണപ്പെടുക. സാര്‍സ്, മെര്‍സ് എന്നിവയില്‍ രോഗം ബാധിക്കുന്നത് ദഹനനാളിയുടെ താഴ്ഭാഗത്തായിരിക്കുമെന്ന് പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Tags:
Read more about:
EDITORS PICK