പതിനാറുകാരിയെ മുപ്പത് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി

സ്വന്തം ലേഖകന്‍ August 21, 2020

പതിനാറുകാരിയെ മുപ്പത് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. ഇസ്രയേലിലാണ് സംഭവം. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തീരദേശ നഗരമായ എയ്ലെറ്റിലെ ഒരു റിസോര്‍ട്ടില്‍ വച്ചാണ് 16കാരിയെ ലഹരി മരുന്ന് നല്‍കി പീഡനത്തിനിരയാക്കിയത്. കൂടുതല്‍ അറസ്റ്റുകള്‍ ഉടന്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. സംഭവം തന്നെ ഞെട്ടിച്ചതായും ഒരു പെണ്‍കുട്ടിയോട് മാത്രമല്ല, മനുഷ്യരാശിയോട് തന്നുള്ള ഏറ്റവും വലിയ ക്രൂരതയാണ് ഇതെന്നും കുറ്റവാളികള്‍ എല്ലാ തരത്തിലുള്ള കടുത്ത ശിക്ഷയ്ക്കും അര്‍ഹരാണെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.

കുറ്റവാളികളെ ഉടന്‍ നീതിയുടെ വെളിച്ചത്തില്‍ കൊണ്ടുവരുമെന്നും നെതന്യാഹു വ്യക്തമാക്കി. കഴിഞ്ഞാഴ്ച സുഹൃത്തുക്കള്‍ക്കൊപ്പമാണ് പെണ്‍കുട്ടി എയ്ലെറ്റില്‍ എത്തിയത്. ഇതിനിടെ ചിലര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ഇവിടുത്തെ റിസോര്‍ട്ടിലെ ഒരു മുറിയിലേക്ക് കടത്തിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ഇതിനിടെ പീഡന ദൃശ്യങ്ങള്‍ ഇവര്‍ ഫോണുകളില്‍ പകര്‍ത്തുകയും ചെയ്തു. പെണ്‍കുട്ടിയുടെ ഒരു സുഹൃത്ത് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി.

കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യപ്പെട്ട രണ്ട് പേര്‍ 20നും 30നും മദ്ധ്യേ പ്രായമുള്ളവരാണ്. ഇവരില്‍ ഒരാളുടെ ഫോണില്‍ നിന്നും പീഡന ദൃശ്യങ്ങള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇവരെ പറ്റി കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ ഉയരുകയാണ്. ജറുസലേം ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ യുവജന സംഘടനകള്‍ അടക്കമുള്ളവര്‍ ശക്തമായ സമരങ്ങളിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ അറസ്റ്റ് നടന്നതിന് ശേഷമാണ് സംഭവത്തെ പറ്റി പുറംലോകം അറിയുന്നത്.

 

Tags:
Read more about:
EDITORS PICK