നികുതി വെട്ടിപ്പ്: സംഗീത സംവിധായകന്‍ എആര്‍ റഹ്മാന് നോട്ടീസ്

സ്വന്തം ലേഖകന്‍ September 11, 2020

നികുതി വെട്ടിപ്പ് കേസില്‍ സംഗീത സംവിധായകന്‍ എആര്‍ റഹ്മാന് കോടതി നോട്ടീസ്. മദ്രാസ് ഹൈക്കോടതിയാണ് നോട്ടീസ് അയച്ചത്. എആര്‍ റഹ്മാന്‍ ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക് 3.5 കോടിയുടെ പ്രതിഫല തുക വകമാറ്റിയെന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍.

യു കെ ആസ്ഥാനമായ ലിബ്ര മൊബൈല്‍സ് റിങ് ടോണ്‍ കംപോസ് ചെയ്ത് നല്‍കിയതിന്റെ പ്രതിഫലം റഹ്മാന്‍ ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്കാണ് നല്‍കിയതെന്നും ഇത് നികുതിവെട്ടിക്കാനായിരുന്നുവെന്നുമാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍. 2010 ലാണ് എആര്‍ റഹ്മാന്‍ യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് വേണ്ടി റിങ് ടോണ്‍ കംപോസ് ചെയ്തത്. 2015 ലാണ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ലിബ്ര മൊബൈല്‍സ് റിങ് ടോണ്‍ കംപോസ് ചെയ്ത് നല്‍കിയതിനായി 2012 ലാണ് 3.47 കോടി രൂപ പ്രതിഫലമായി ലഭിച്ചത്. ഈ പണം റഹ്മാന്‍ ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്കാണ് നല്‍കിയത്. മൂന്നു വര്‍ഷത്തെ കരാറാണ് കമ്പനിയുമായി ഉണ്ടായിരുന്നത്. തനിക്കുള്ള പ്രതിഫലം എആര്‍ റഹ്മാന്‍ ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക് നേരിട്ട് അയച്ചാല്‍ മതിയെന്ന് റഹ്മാന്‍ പറയുകയായിരുന്നെന്നും ആദായവകുപ്പ് വ്യക്തമാക്കുന്നു. റഹ്മാന്റെ അക്കൗണ്ടില്‍ വന്നിരുന്നെങ്കില്‍ നികുതി അടയ്‌ക്കേണ്ടിവരുമായിരുന്നെന്നും എന്നാല്‍ ട്രസ്റ്റിന് നല്‍കിയതോടെ ടാക്‌സ് ഈടാക്കാനാവില്ലെന്നുമാണ് കണ്ടെത്തല്‍. ചാരിറ്റി സംഘടനകളെ ഇന്‍കം ടാക്‌സ് നിയമത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇത് കണക്കുകൂട്ടിയാണ് എആര്‍ റഹ്മാന്‍ കളിച്ചതെന്നാണ് അധകൃതര്‍ വ്യക്തമാക്കുന്നത്.

Tags:
Read more about:
EDITORS PICK