മൂക്കില്‍ സ്‌പ്രേ ചെയ്യാവുന്ന വാക്‌സിന്‍: ആദ്യ പരീക്ഷണത്തിന് അംഗീകാരം

സ്വന്തം ലേഖകന്‍ September 11, 2020

കൊവിഡ് മഹാമാരിയെ തുരത്താന്‍ പുതിയതരം സംവിധാനവുമായി ചൈന. മൂക്കില്‍ സ്‌പ്രേ ചെയ്യാവുന്ന വാക്‌സിനാണ് ചൈന വികസിപ്പിച്ചെടുത്തത്. ആദ്യ പരീക്ഷണത്തിന് ചൈന അംഗീകരാവും നല്‍കി. നവംബറോടെ നൂറുപേരില്‍ ആദ്യഘട്ട ക്ലിനിക്കല്‍ പരീക്ഷണം തുടങ്ങും. ഇതിനായി ആളുകളെ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്.

ഹോംഗ് കോംഗ് സര്‍വകലാശാല, സിയാമെന്‍ സര്‍വകലാശാല, ബെയ്ജിങ് വാന്‍തായ് ബയോളജിക്കല്‍ ഫാര്‍മസി എന്നിവ ചേര്‍ന്നാണ് വാക്‌സിന്‍ വികസിപ്പിക്കുന്നത്. മൂക്കില്‍ സ്പ്രേ ചെയ്യുന്ന തരത്തിലുള്ള വാക്‌സിന് ആദ്യമായാണ് ചൈനയിലെ നാഷണല്‍ മെഡിക്കല്‍ പ്രോഡക്റ്റ്‌സ് അഡ്മിനിസ്‌ട്രേഷന്‍ പരീക്ഷണാനുമതി നല്‍കുന്നത്്.

ഈ വാക്‌സിന്‍ ശ്വസനവ്യവസ്ഥയെ ബാധിക്കുന്ന വൈറസുകളുടെ സ്വാഭാവിക അണുബാധയുടെ പാതയെ ഉത്തേജിപ്പിച്ച് പ്രതിരോധശേഷി ശക്തമാക്കുന്നുവെന്ന് ഹോങ്കോംഗ് സര്‍വകലാശാലയിലെ മൈക്രോബയോളജിസ്റ്റ് യുവാന്‍ ക്വോക്-യിംഗ് പറഞ്ഞു. നാസല്‍ സ്‌പ്രേ വാക്‌സിനേഷന്‍ വാക്‌സിന്‍ സ്വീകര്‍ത്താക്കള്‍ക്ക് ഇരട്ട സംരക്ഷണം നല്‍കുമെന്നും അദ്ദേഹം പറയുന്നു.

കുത്തിവയ്പ്പുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍, നാസല്‍ സ്‌പ്രേ വാക്‌സിനേഷന്‍ നല്‍കുന്നതിനും വന്‍തോതില്‍ ഉല്‍പാദിപ്പിക്കാനും വിതരണം ചെയ്യാനും എളുപ്പമാണെന്നും ബീജിംഗിലെ ഇമ്മ്യൂണോളജിസ്റ്റ് പറഞ്ഞു.

ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കായി മൂന്ന് കോവിഡ് -19 വാക്‌സിനുകള്‍ക്ക് ചൈന അംഗീകാരം നല്‍കിയിട്ടുണ്ട്. ചില തിരഞ്ഞെടുത്ത ആഭ്യന്തര കമ്പനികള്‍ വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിനുകളുടെ അടിയന്തര ഉപയോഗത്തിനും ചൈന അംഗീകാരം നല്‍കിയിട്ടുണ്ട്.

 

 

Read more about:
RELATED POSTS
EDITORS PICK