പെരിയ ഇരട്ടക്കൊലപാതക കേസ്: സിബിഐ അന്വേഷണത്തെ ചോദ്യം ചെയ്ത് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

സ്വന്തം ലേഖകന്‍ September 12, 2020

പെരിയ ഇരട്ടക്കൊലപാതക കേസില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. അന്വേഷണം സിബിഐക്ക് വിട്ടതിനെ ചോദ്യം ചെയ്താണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. കേസില്‍ ഹൈക്കോടതി ഡിവിഷന്‍ബെഞ്ച് ഉത്തരവ് അടിയന്തിരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടും സര്‍ക്കാര്‍ അപേക്ഷ നല്‍കി.

കഴിഞ്ഞ മാസം 25-ാം തീയതി കേസന്വേഷണം സിബിഐയ്ക്ക് വിട്ട സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ചും ശരിവച്ചതാണ്. സര്‍ക്കാരിന്റെ അപ്പീലില്‍ ഇടക്കാല ഉത്തരവ് ഇറക്കുന്നതിന് മുമ്പ് തങ്ങളുടെ വാദം കേള്‍ക്കണം എന്ന് ആവശ്യപ്പെട്ട് ശരത് ലാലിന്റെയും കൃപേഷിന്റേയും മാതാപിതാക്കള്‍ സുപ്രീം കോടതിയില്‍ തടസ്സ ഹര്‍ജി നല്‍കിയേക്കും.

അതേസമയം കേസില്‍ സിബിഐ അന്വേഷണം നടത്തുന്നതിനോട് സംസ്ഥാന പോലീസ് പൂര്‍ണ്ണമായും നിസ്സഹകരിക്കുകയാണ്. അന്വേഷണത്തിന്റെ വിവരങ്ങളൊന്നും സിബിഐക്ക് കൈമാറാന്‍ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. സിബിഐ അന്വേഷണത്തിന് വിടാനുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ചും അംഗീകരിച്ചതിന് ശേഷം നാല് തവണ കേസ് ഡയറിയും രേഖകളും തേടി സിബിഐ പോലീസിന് കത്ത് നല്‍കി. എന്നിട്ടും മറുപടി കിട്ടിയില്ല. കേസില്‍ കുറ്റപത്രം ഹൈക്കോടതി റദ്ദാക്കിയിട്ടില്ലാത്തതിനാല്‍, ഇത് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

 

Read more about:
RELATED POSTS
EDITORS PICK