റംസിയുടെ ആത്മഹത്യ: പ്രതിയെ കസ്​റ്റഡിയില്‍ വാങ്ങിയ പൊലീസുകാര്‍ക്ക് കോവിഡ്

Pavithra Janardhanan September 19, 2020

ഉറപ്പിച്ച വിവാഹത്തിൽ നിന്നും വരൻ പിന്മാറിയ മനോവിഷമത്തിൽ കൊട്ടിയത്ത് യുവതി ആത്മഹത്യ ചെയ്ത കേസില്‍ പ്രതിയെ കസ്​റ്റഡിയില്‍ വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്. എസ്.ഐക്കും സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ക്കും ആണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിനെത്തുടര്‍ന്ന് പ്രതിയെ ജയിലിലേക്ക് തിരിച്ചയച്ചു. വാളത്തുംഗൽ വാഴക്കൂട്ടത്തിൽ പടിഞ്ഞാറ്റതിൽ റഹീമിന്റെ മകൾ റംസി ആത്മഹത്യ ചെയ്ത സംഭവത്തില്‍ റിമാന്‍ഡില്‍ കഴിഞ്ഞ കൊല്ലൂര്‍വിള പള്ളിമുക്ക് സ്വദേശി ഹാരീഷിനെ ചോദ്യംചെയ്യാനും തെളിവെടുക്കാനും നാലുദിവസം മുൻപാണ് പൊലീസ് കസ്​റ്റഡിയില്‍ വാങ്ങിയത്.

സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ സ്രവം നേരത്തെ പരിശോധനക്ക് എടുത്തിരുന്നു. ബംഗളൂരൂ, മൂന്നാര്‍, വാഗമണ്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പ്രതിയുമായി തെളിവെടുക്കാനിരിക്കെയാണ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. പ്രതിക്കും ക്വാറന്‍റീനില്‍ പോകേണ്ടി വരും.

സെപ്റ്റുംബർ 3ന് ആയിരുന്നു റംസി തൂങ്ങിമരിച്ചത്. ഹാരീഷിന്റെ അമ്മ, ജ്യേഷ്ഠന്റെ ഭാര്യയും സീരിയൽ നടിയുമായ ലക്ഷ്മി പ്രമോദ് എന്നിവർക്കെതിരെയും ആരോപണങ്ങളുണ്ട്. ഇരുവരും നൽകിയ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതി 23ന് പരിഗണിക്കാനിരിക്കുകയാണ്.

Read more about:
EDITORS PICK