എറണാകുളത്ത് എൻ ഐ എ റെയ്‌ഡ്‌; മൂന്ന് അല്‍ഖ്വയ്‌ദ ഭീകരര്‍ പിടിയില്‍

Pavithra Janardhanan September 19, 2020

എറണാകുളത്ത് എൻ ഐ എ നടത്തിയ റെയ്‌ഡിൽ മൂന്ന് അല്‍ഖ്വയ്‌ദ ഭീകരര്‍ പിടിയില്‍.ഇന്ന് പുലർച്ചെയാണ് റെയ്‌ഡ്‌ നടത്തിയത്. എറണാകുളത്തെ കളമശ്ശേരിയിൽ നിന്നും പെരുമ്പാവൂരിൽ നിന്നും ആണ് ഇവർ പിടിയിലായത്.ഇതര സംസ്ഥാനക്കാരാണ് പിടിയിലായത്. മുർഷിദ് ഹസൻ, യാക്കൂബ് ബിശ്വാസ്, മൊഷർഫ് ഹസൻ എന്നിവരാണ്  പിടിയിലായ മൂന്ന് പേർ. ഇവർ ബംഗാൾ സ്വദേശികളാണ് എന്നാണ് സൂചന. കെട്ടിട്ടനിർമ്മാണ തൊഴിലാളികൾ എന്ന നിലയിലാണ് പിടിയിലായ മൂന്ന് ബംഗാൾ സ്വദേശികളും കൊച്ചിയിൽ താമസിച്ചിരുന്നത് എന്നാണ് വിവരം.

 

രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ റെയ്ഡുകളിലാണ് ഇവർ പിടിയിലായതെന്നാണ് എൻഐഎ വാർത്താക്കുറിപ്പിലൂടെ അറിയിക്കുന്നത്. ആകെ ഒൻപത് പേരെയാണ് പിടികൂടിയത് ആറ് പേരെ ബംഗാളിലെ മൂർഷിദാബാദിൽ നിന്നും മൂന്ന് പേരെ എറണാകുളത്ത് നിന്നുമാണ് പിടികൂടിയത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നതായി എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇവരില്‍ നിന്ന് ആയുധങ്ങളും ഡിജിറ്റല്‍ രേഖകളും പിടിച്ചെടുത്തു.ദില്ലിയിലാണ് ഇതുമായി ബന്ധപ്പെട്ട കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് എന്നതിനാൽ ഇവരെ എൻഐഎയുടെ ദില്ലി യൂണിറ്റിന് കൈമാറിയേക്കും എന്നാണ് വിവരം. ഇന്ന് തന്നെ ഇവരെ കൊച്ചിയിലെ എൻഐഎ കോടതിയിൽ ഹാജരാക്കിയേക്കും.സെപ്തംബര്‍ പതിനൊന്നിനാണ് അല്‍ ഖ്വയ്ദ തീവ്രവാദഗ്രൂപ്പില്‍പെട്ടവരെക്കുറിച്ച്‌ വിവരം ലഭിച്ചത്.ഡല്‍ഹിയടക്കം രാജ്യത്തെ തന്ത്രപ്രധാനമേഖലകള്‍ ഇവര്‍ ലക്ഷ്യമിട്ടിരുന്നുവെന്നാണ് എന്‍ഐഎ വ്യക്തമാക്കുന്നത്.

 

Tags: ,
Read more about:
EDITORS PICK