കാമുകിയെ കാണാന്‍ തൃശ്ശൂരിൽ നിന്നും കാസർഗോഡ് എത്തിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി !

Pavithra Janardhanan September 21, 2020

വിലകൂടിയ‌ സമ്മാനങ്ങളുമായി ‘യുവതിയായ’ കാമുകിയെ കാണാന്‍ കാസർഗോഡ് എത്തിയ തൃശൂർ സ്വദേശിയായ യുവാവിന് കിട്ടിയത് എട്ടിന്റെ പണി.കഴിഞ്ഞ ദിവസമാണ് സംഭവം. ഇരുപതുകാരിയെന്ന വ്യാജേന കാസര്‍കോട് കുമ്പളയിലെ വാടക ക്വാര്‍ട്ടേഴ്സിലെ താമസക്കാരിയായ സ്ത്രീയും തൃശ്ശൂരിലെ യുവാവും സാമൂഹിക മാധ്യമത്തിലൂടെയാണ് പരിചയപ്പെട്ടത്. ആ പരിചയം പ്രണയത്തിലേക്ക് വളര്‍ന്നതോടെ കുമ്പളക്കാരി യുവാവില്‍നിന്ന്‌ പലപ്പോഴായി പണം കൈപ്പറ്റി . ഇതിനിടെയാണ് യുവാവിന് കാമുകിയെ നേരില്‍ കാണാന്‍ കൊതിയായത്. അങ്ങനെ കഴിഞ്ഞദിവസം യുവാവും സുഹൃത്തും ബൈക്കില്‍ തൃശ്ശൂരില്‍ നിന്ന്‌ കാസര്‍കോട്ടേക്ക് തിരിച്ചു .

ബേക്കല്‍ കോട്ടയ്ക്ക് സമീപം കണ്ടുമുട്ടാമെന്നായിരുന്നു ധാരണ . ഇതനുസരിച്ച്‌ കാമുകിയും എത്തി . പര്‍ദയണിഞ്ഞെത്തിയ കാമുകിയുടെ മുഖം കാണണമെന്ന ആശ കാമുകന്റെ പ്രതീക്ഷ തകര്‍ത്തു . 50 കഴിഞ്ഞ് പല്ലുകള്‍ കൊഴിഞ്ഞ് അമ്മയാകാന്‍ പ്രായമുള്ള സ്ത്രീ തന്നെ കബളിപ്പിക്കുകയായിരുന്നുവെന്ന് ബോധ്യമായതോടെ പലപ്പോഴായി ഇവരുടെ അക്കൗണ്ടിലേക്ക് കൈമാറിയ തുക യുവാവ് മടക്കി നല്കാന്‍ ആവശ്യപ്പെട്ടു .ഇതേ ചൊല്ലിയുള്ള വാക്‌തര്‍ക്കത്തിനിടയില്‍ യുവാവ് കത്തി വീശുകയായിരുന്നു .

സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് ബേക്കല്‍ എസ്.ഐ. അജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി .സ്ത്രീക്ക് പരാതി ഇല്ലാത്തതിനാൽ യുവാക്കള്‍ക്കെതിരെ കൊവിഡ് മാനദണ്ഡം ലംഘിച്ചതിനും പൊതു സ്ഥലത്ത് പ്രകോപനം ഉണ്ടാക്കിയതിനും  കേസെടുത്ത ശേഷം ജാമ്യത്തില്‍ വിട്ടു.

Read more about:
EDITORS PICK