അണ്‍ലോക്ക് നാലാം ഘട്ടം, ആറ് സംസ്ഥാനങ്ങളില്‍ നാളെ മുതല്‍ സ്‌കൂളുകള്‍ തുറക്കും, മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

Pavithra Janardhanan September 21, 2020

രാജ്യത്ത് കോവിഡ് 19 ന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കുന്നതുമായി ബന്ധപ്പെട്ട് അണ്‍ലോക്ക് നാലാം ഘട്ടം ഇന്നു മുതല്‍.അണ്‍ലോക്ക് നാലിന്റെ ഭാഗമായി പൊതുപരിപാടികളില്‍ പരമാവധി 100 പേര്‍ക്ക് പങ്കാളികളാകാം. മരണാനന്തര ചടങ്ങുകള്‍, വിവാഹം തുടങ്ങിയ പ്രധാന ചടങ്ങുകള്‍ക്ക് 100 പേര്‍ക്ക് പങ്കെടുക്കാനാവും. ഓപ്പണ്‍ എയര്‍ തീയേറ്ററുകള്‍ക്കും ഇന്നുമുതല്‍ പ്രവര്‍ത്തനാനുമതി ഉണ്ട്. സ്കൂളുകള്‍ക്കും ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. കണ്ടെയ്ന്‍മെന്റ് സോണിനു പുറത്തുള്ള സ്കൂളുകള്‍ക്ക് 9 മുതല്‍ 12 വരെ ക്ലാസുകളിലുള്ള 50% അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും ഇനി സ്കൂളിലെത്താം.

ക്ലാസിലെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് രക്ഷിതാക്കളുടെ അനുമതിപത്രം നിര്‍ബന്ധമാണ്. സ്‌കൂളുകളില്‍ സാമൂഹ്യ അകലം അടക്കമുള്ളവ ഉറപ്പാക്കുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.സ്വകാര്യ സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ മാനേജ്‌മെന്റിന് തീരുമാനമെടുക്കാം. വിദ്യാര്‍ഥികള്‍ക്ക് ഹാജര്‍ നിര്‍ബന്ധമായിരിക്കില്ല.

9-12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലും പത്ത്, 11 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലുമായിരിക്കും ക്ലാസുകള്‍. ഓരോ ക്ലാസുകളിലെയും കുട്ടികളുടെ എണ്ണം 20 താഴെ ആയിരിക്കും.ഇതിനനുസരിച്ച്‌ ക്ലാസുകള്‍ ക്രമീകരിക്കണം. ആദ്യ ബാച്ചിന് രാവിലെ ഒന്‍പത് മുതല്‍ 12 വരെയും രണ്ടാമത്തെ ബാച്ചിന് ഉച്ചയ്ക്ക് ഒന്നു മുതല്‍ വൈകീട്ട് നാലു വരെയുമാവും ക്ലാസ്. ക്ലാസുകള്‍ തിങ്കളാഴ്ച മുതല്‍ തുറക്കണമെന്ന് നിര്‍ബന്ധമില്ലെന്നും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനം എടുക്കാമെന്നുമാണ് മാര്‍ഗനിര്‍ദേശത്തില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്.

അണ്‍ലോക്ക് നാലിന്റെ ഭാഗമായി ചില സംസ്ഥാനങ്ങളില്‍ സ്കൂളുകള്‍ ഭാഗികമായി തുറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, കേരളത്തില്‍ ഇത് നടപ്പാക്കേണ്ട എന്ന തീരുമാനമാണ് സംസ്ഥാന സര്‍ക്കാര്‍ എടുത്തിട്ടുള്ളത്.

Read more about:
RELATED POSTS
EDITORS PICK