ആറു വയസുകാരന്റെ മരണത്തിനു കാരണം തലച്ചോർ തിന്നുന്ന അമീബ, മുന്നറിയിപ്പ്

Pavithra Janardhanan September 29, 2020

ലോകമെങ്ങും കൊറോണ ഭീതി നിലനിൽക്കുന്നതിനിടെയാണ് മറ്റൊരു ഭീതിപ്പെടുത്തുന്ന വാർത്ത പുറത്തുവരുന്നത്.അമേരിക്കയിലെ ടെക്സസില്‍ ആറ് വയസുകാരന്റെ മരണത്തിനു കാരണം തലച്ചോര്‍ തിന്നുന്ന അമീബയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ആണ് മുന്നറിയിപ്പുമായി ടെക്സസ് ഗവര്‍ണര്‍ എത്തിയിരിക്കുന്നത്.തടാകങ്ങളിലെയും നദികളിലെയും ഊഷ്മളമായ ശുദ്ധജലത്തിലും മോശമായി പരിപാലിക്കപ്പെടുന്ന നീന്തല്‍ക്കുളങ്ങളിലും വളരുന്ന നാഗ്ലേരിയ ഫൗലറി എന്ന അമീബ ആണ് അപകടകാരി. മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിക്കുന്ന അമീബ തലച്ചോറിലേക്ക് തുളച്ചുകയറുന്നു. ഇത് ശക്തമായ മൈഗ്രെയ്ന്‍, ഹൈപ്പര്‍തേര്‍മിയ, കഠിനമായ കഴുത്ത് വേദന, ഛര്‍ദ്ദി എന്നിവയ്ക്ക് കാരണമാകുന്നു. കൂടാതെ തലകറക്കം, കടുത്ത ക്ഷീണം, മതിഭ്രമം എന്നിവയിലേക്കും നയിക്കുന്നു.

ലേക് ജാക്‌സണ്‍ നഗരത്തില്‍ ജോസിയ മാക് ഇന്റര്‍ എന്ന ആറുവയസ്സുകാരനാണു നെയ്‌ഗ്ലേറിയ ഫൗലേറി ബാധിച്ചു മരിച്ചത്. മരണശേഷം നടത്തിയ പരിശോധനയിൽ കുട്ടിയുടെ വീട്ടിലെ ഗാര്‍ഡന്‍ ഹോസിന്റെ ടാപ്പില്‍ അമീബയുടെ സാന്നിധ്യം കണ്ടെത്തിയതായി ലെക് ജാക്‌സണ്‍ നഗരസഭ വക്താവിനെ ഉദ്ധരിച്ച്‌ പ്രാദേശിക മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇതേ തുടര്‍ന്ന് ബ്രസോറിയയിലെ നഗരങ്ങളില്‍ താമസക്കാരോട് പൈപ്പ് വെള്ളം ഉപയോഗിക്കരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. പിന്നീട് നിര്‍ദേശം പിന്‍വലിച്ചു. എന്നാല്‍ തിളപ്പിച്ച വെള്ളം മാത്രം ഉപയോഗിക്കാനും നിര്‍ദേശം നല്‍കി.1983-നും 2010-നും ഇടയില്‍ നെയ്‌ഗ്ലേറിയ ഫൗലേറി ബാധിച്ച്‌ 28 പേരാണ് മരിച്ചതെന്ന്‌ ടെക്‌സാസ് ആരോഗ്യ അധികൃതര്‍ പറയുന്നു.

Read more about:
EDITORS PICK