നിത്യവും കറിവെക്കാം, നിത്യ വഴുതന കൃഷി ചെയ്തു നോക്കൂ

Pavithra Janardhanan October 2, 2020

വളരെ എളുപ്പത്തില്‍ കൃഷി ചെയ്യാവുന്ന ഒന്നാണ് നിത്യ വഴുതന. പ്രത്യേകിച്ച് പരിചരണം ഒന്നും വേണ്ടാത്ത ഈ ചെടിയ്ക്ക്‌ കീടങ്ങളുടെ ആക്രമണവും വളരെ കുറവാണ്. ഒരിക്കല്‍ നട്ടാല്‍ അതിന്റെ വിത്തുകള്‍ മണ്ണില്‍ കിടന്നു വീണ്ടും തനിയെ ചെടി വളര്‍ന്നു വരും. പണ്ട് കാലത്ത് വീടുകളില്‍ ഒരുപാടു ഉണ്ടായിരുന്നു ഈ ചെടി , വളരെ എളുപ്പത്തില്‍ വേലികളില്‍ പടര്‍ന്നു പന്തലിക്കും. നട്ടു വളരെ ചുരുങ്ങിയ സമയം കൊണ്ട് കായകള്‍ പറിച്ചെടുക്കാം. കായകള്‍ അധികം മൂക്കുന്നതിനു മുന്‍പേ പറിച്ചെടുക്കുന്നതാണ് നല്ലത്.

മണ്ണിലോ ഗ്രോബാഗിലോ ചാണകപ്പൊടി, കമ്പോസ്റ്റ് എന്നിവ ഇളക്കിച്ചേര്‍ത്ത് വിത്ത് നടാം. പടര്‍ന്ന് വളരാന്‍ പന്തലൊരുക്കണമെന്നില്ല. ഒരു കയറോ കമ്പോ കൊടുത്ത് അധികം ഉയരമില്ലാത്ത സ്ഥലത്തേക്ക് ഒന്ന് വഴി കാണിച്ച് കൊടുത്താല്‍ മതി. മണ്ണില്‍ ഫലഭൂയിഷ്ട്ടത തീരെ കുറവാണെങ്കില്‍ ഉണങ്ങിയ ചാണകപ്പൊടി, മണ്ണിര കമ്പോസ്റ്റ്, ഒക്കെ ഇടാം. മുറ്റിപ്പോകുന്നതിന് മുന്നേ തന്നെ വിളവെടുക്കണം. മുറ്റിപ്പോയാല്‍ പിന്നെ ഉപയോഗിക്കേണ്ട. തണ്ടിന് നീളം കൂടിയവയും നീളം കുറഞ്ഞവയും ഉണ്ട്.

ഏതു കാലാവസ്ഥയിലും കൃഷിചെയ്യാവുന്ന നിത്യവഴുതനയുടെ കായ്‌കളില്‍ പോഷകങ്ങള്‍ സമൃദ്ധമായുണ്ട്‌, ഫൈബര്‍, നാരുകള്‍, കാല്‍സ്യം, വിറ്റാമിന്‍ സി, സള്‍ഫര്‍, മഗ്നീഷ്യം എന്നിവയുടെ സഞ്ചയമാണിത്. കാല്‍സ്യം, പൊട്ടാസ്യം, വിറ്റാമിന്‍ സി. തുടങ്ങിയ ധാരാളം ഉണ്ട്. ഇതിന്‍റെ കായ കൊണ്ട് തോരന്‍, മെഴുക്കുപുരട്ടി,ഉപ്പേരി വെക്കാന്‍ വളരെ നല്ലതാണു. വിത്ത് ഉള്‍പ്പെടെയുള്ള ഭാഗം ഭക്ഷ്യയോഗ്യമാണ്.

Read more about:
EDITORS PICK