വ്യത്യസ്തത ഇഷ്ടമല്ലേ, അവർക്കായി വെണ്ടയ്ക്ക ബജി

Pavithra Janardhanan October 3, 2020

വെണ്ടക്കയിലെ കൊഴുപ്പാണ് അതിനെ പലര്‍ക്കും ഇഷ്ടമില്ലാത്ത ഭക്ഷണമാക്കുന്നത്. പ്രത്യേകിച്ചും കുട്ടികള്‍ക്ക്. എന്നാല്‍ വെണ്ടയ്ക്കകൊണ്ട് ബജി തയ്യാറാക്കിക്കോളൂ, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഇഷ്ടമാകും.

ചേരുവകള്‍

ഇളം വെണ്ട- 10 എണ്ണം

കടലപ്പൊടി- രണ്ട് ടീസ്പൂണ്‍

അരിപ്പൊടി- ഒരു ടീസ്പൂണ്‍

മൈദ- ഒരു ടീസ്പൂണ്‍

വെളിച്ചെണ്ണ- 200 മില്ലി

മുളകുപൊടി- ഒരു ടീസ്പൂണ്‍

മഞ്ഞള്‍പൊടി- ഒരു ടീസ്പൂണ്‍

ഉപ്പ്, പുളി- അര ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

പുളി, ഉപ്പ്, ഒരു നുള്ള് മുളക്‌പൊടി, രണ്ട് ടീസ്പൂണ്‍ വെളിച്ചെണ്ണ എന്നിവ ചേര്‍ത്ത് കുഴമ്പ് രൂപത്തിലാക്കി വയ്ക്കുക. ഇനി വെണ്ടക്ക നന്നായി കഴുകി എടുക്കാം. വെണ്ടക്ക കത്തി ഉപയോഗിച്ച് ഒരു വശം പിളരുക. ഇതിനുള്ളില്‍ തയ്യാറാക്കിയ കുഴമ്പ് നിറയ്ക്കാം. ഇനി ബാക്കിയുള്ള പൊടികള്‍ പാകത്തിന് വെള്ളം ചേര്‍ത്ത് കുഴച്ച് ബജി മാവിന്റെ പരുവത്തിലാക്കുക. ഇനി ഒരോ വെണ്ട വീതം ഇതില്‍ മുക്കി തിളച്ച എണ്ണയില്‍ പൊരിച്ചെടുക്കാം. സോസ് ചേര്‍ത്തും അല്ലാതെയും ചൂടോടെ കഴിക്കാം.

Read more about:
EDITORS PICK