മാലിദ്വീപ്, ഭൂമിയിൽ തനിക്കേറ്റവും ഇഷ്ടപ്പെട്ട വെക്കേഷൻ ഡെസ്റ്റിനേഷൻ, ചിത്രങ്ങൾ പങ്കുവെച്ച് താപ്‍സി പന്നു

Pavithra Janardhanan October 9, 2020

വെക്കേഷൻ മാലിദ്വീപിൽ ആഘോഷിച്ച് ബോളിവുഡ് താരം താപ്സി പന്നു. സഹോദരിമാരായ ഷാഗുൻ പന്നു, ഇവാനി പന്നു എന്നിവർക്ക് ഒപ്പമാണ് താപ്സി മാലിദ്വീപിൽ എത്തിയത്.താപ്സി പങ്കുവെച്ച ചിത്രങ്ങൾ സമൂഹമാധ്യമങ്ങളുടെ​ ശ്രദ്ധ കവരുകയാണ്.മാൽഡീവീസ് താജിൽ ആണ് നടിയും സഹോദരിമാരും താമസിച്ചത്. ബീച്ചിൽ നിന്നുള്ള മനോഹരമായ ദൃശ്യങ്ങളും ചിത്രങ്ങളിൽ കാണാം. ഭൂമിയിൽ തനിക്കേറ്റവും ഇഷ്ടപ്പെട്ട വെക്കേഷൻ ഡെസ്റ്റിനേഷൻ എന്നാണ് താപ്സി മാലിദ്വീപിനെ വിശേഷിപ്പിക്കുന്നത്.

 

വിനോദസഞ്ചാരികളുടെ പറുദീസയാണ് മാലിദ്വീപുകൾ. അറബിക്കടലിൽ സ്ഥിതിചെയ്യുന്ന രണ്ടായിരത്തിലേറെ വരുന്ന കൊച്ചു കൊച്ചു ദ്വീപുകളുടെ ഒരു സമൂഹമാണ് റിപ്പബ്ലിക്ക് ഓഫ് മാൽഡീവ്സ് അഥവാ മാലിദ്വീപ് റിപ്പബ്ലിക്ക്. ഇവയിൽ 230 ദ്വീപുകളിലാണ് ജനവാസമുള്ളത്. പുരാതന സിംഹള ഭാഷയുമായി ബന്ധമുള്ള ദിവേഹിയാണ് ഇവിടത്തെ ഭാഷ. മത്സ്യ-ബന്ധനവും തെങ്ങുകൃഷിയുമാണ് പ്രധാന തൊഴിൽ. 1887 മുതൽ 1965 വരെ ബ്രിട്ടീഷ് സംരക്ഷിതപ്രദേശമായിരുന്നു. 1965-ൽ സ്വതന്ത്രമാകുകയും 1968-ൽ റിപ്പബ്ലിക്ക് ആകുകയും ചെയ്തു.

26 പവിഴദ്വീപസമൂഹങ്ങൾ (അറ്റോൾ) ചേർന്നതാണ് മാലിദ്വീപുകൾ. ഓരോ പവിഴദ്വീപസമൂഹത്തിലും ഒട്ടേറെ ചെറുദ്വീപുകൾ ഉണ്ടാകും. അങ്ങനെ ആകെ 1200 ഓളം പവിഴപുറ്റ് ദ്വീപുകളാണ് ഈ ദ്വീപസമൂഹത്തിലുള്ളത്. വലയാകൃതിയാണ് ഇവയ്ക്കുള്ളത്. അറ്റോളിന്റെ നടുവിൽ തെളിനീലിമയുള്ള ജലാശയം ഉണ്ടാകും. ഒരു മുത്തുമാല പോലെയാണ് മാലിദ്വീപിലെ ഓരോ അറ്റോളും. ആ മാലയിലെ മുത്തുകളാണ് ചെറുദ്വീപുകൾ. ഒന്നോ രണ്ടോ ചതുരശ്ര കിലോമീറ്ററാണ് ഓരോ ചെറുദ്വീപിന്റെയും വിസ്തീർണ്ണം. ഓരോ അറ്റോളിലും ജനവാസമില്ലാത്ത ഒട്ടേറെ ദ്വീപുകളുണ്ട്. അറ്റോളിലെ ദ്വീപുകൾ തമ്മിൽ റോഡ് മാർഗ്ഗം ബന്ധിപ്പിച്ചിട്ടുണ്ട്. 12 കിലോമീറ്ററാണ് ആകെ റോഡിന്റെ നീളം. കുന്നുകളോ നദികളോ മാ‍ലിദ്വീപുകളിലില്ല.

കേരളവുമായി വളരെ സാമ്യമുള്ളതാണ് മാലിദ്വീപിലെ കാലാവസ്ഥ. വർഷം മുഴുവൻ 24 ഡിഗ്രി മുതൽ 33 ഡിഗ്രി സെൽ‌ഷ്യസിനിടയിലാണ് താപനില. വേനൽക്കാലം,മഴക്കാലം എന്നീ രണ്ട് ഋതുക്കൾ മാത്രമേ മാലിദ്വീപിലുള്ളു.

Read more about:
EDITORS PICK