എങ്ങനെയാണ് റിലാക്സ് ചെയ്യേണ്ടത്?

Pavithra Janardhanan October 11, 2020

മറ്റുള്ളവർ നമ്മെ ഉപദേശിക്കുന്നത് കേൾക്കാറില്ലേ, ഇനി അൽപ നേരം റിലാക്സ് ചെയ്യൂ എന്ന്. എന്നാൽ എങ്ങനെയാണ് റിലാക്സ് ചെയ്യേണ്ടത് എന്നതു പലർക്കും അറിയില്ല.ഇതാ ചില റിലാക്‌സേഷൻ വിദ്യകൾ. ഏറ്റവുമധികം പേർ തിരഞ്ഞെടുക്കുന്ന രീതിയാണ് ബോക്സ് ബ്രീതിങ്.നിങ്ങൾക്ക് ഏതെങ്കിലും സാഹചര്യത്തിൽ മനോനില കൈവിട്ടുപോകുകയോ മാനസിക സമ്മർദം കൂടുകയോ ചെയ്താൽ അന്നേരം ചുരുങ്ങിയ സമയത്തിനുള്ളിൽ നടത്താവുന്ന റിലാക്സേഷൻ രീതിയാണിത്. സ്വസ്ഥമായി ഇരുന്നുകൊണ്ട് ചെയ്യാവുന്നതാണിത്. ദീർഘശ്വാസം എടുക്കുക. ശ്വാസം കുറച്ചുനേരം പിടിച്ചുവയ്ക്കുക. പുറത്തേക്കു വിടുക. എണ്ണിക്കൊണ്ട് ഇതൊരു പത്തു തവണ ചെയ്യുമ്പോഴേക്കും മനസ്സിന് അൽപം ശാന്തത കൈവന്നിരിക്കും.

മസിൽ റിലാക്സേഷൻ രീതിയാണ് മറ്റൊന്ന്. തറയിലോ മറ്റോ നീണ്ടുനിവർന്ന് കിടന്നുകൊണ്ടുവേണം ഇത് ചെയ്യാൻ. ശരീരത്തിലെ എല്ലാ പേശികളെയും വളരെ അനായാസമായി അയച്ചിടുക. ശരീരത്തിലെ ഈ പിരിമുറക്കമില്ലായ്മ മനസ്സിന്റെ പിരിമുറുക്കത്തെയും ഇല്ലാതാക്കുമത്രേ. യോഗാസനങ്ങളിലെ ശവാസനം ഇതിനു സമാനമായ ഒരു റിലാക്സേഷൻ രീതിയാണ്.

ഗൈഡഡ് ഇമേജറി രീതിയാണ് മറ്റൊന്ന്. അതായത് മനസ് അസ്വസ്ഥമാകുമ്പോൾ ഏതെങ്കിലും പ്രിയപ്പെട്ട ഒരു വിഷ്വൽ മുന്നിലേക്കു കൊണ്ടുവരിക. അതൊരു ചിത്രമാകാം, ഓർമയാകാം, സങ്കൽപമാകാം. അതിലേക്കു മാത്രം മനസ്സിന്റെ ശ്രദ്ധ കേന്ദ്രീകരിക്കുക. ചുരുങ്ങിയത് ഒരു മൂന്നുമിനിറ്റ് നേരമെങ്കിലും ആ വിഷ്വലിലേക്കു മനസ്സിനെ തിരിച്ചുവിടുക.

ശ്വാസഗതി മന്ദഗതിയിലാക്കി സ്വയം നിയന്ത്രിച്ചുകൊണ്ടു ചെയ്യാവുന്നതാണ് ഒന്നാമത്തെ രീതി. മാനസിക പിരിമുറുക്കം ഉള്ളപ്പോൾ നിങ്ങളുടെ ശ്വാസഗതി ഉയർന്ന തോതിൽ ആയിരിക്കും. ശരീരത്തിലേക്കു മാത്രം ശ്രദ്ധിച്ച് മെല്ലെ ശ്വാസം അകത്തേക്കെടുക്കുകയും പുറത്തേക്കു കളയുകയും ചെയ്യുക. ഈ സമയം നിങ്ങളുടെ ശരീരം കൈവരിക്കുന്ന ശാന്തതയെ നേരിട്ടറിയാൻ ശ്രമിക്കുക.

Tags:
Read more about:
EDITORS PICK