ആരോഗ്യകരമായി ഭാരം കുറക്കണോ? മൂന്നു സൂപ്പുകൾ ഇതാ

Pavithra Janardhanan October 13, 2020

ആരോഗ്യകരമായി ഭാരം കുറയ്ക്കാന്‍ മികച്ച ഭക്ഷണമാണ് സൂപ്പ്. ചിക്കൻ സൂപ്പ് പോലെ പച്ചക്കറി സൂപ്പും ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. അത്തരം മൂന്ന് സൂപ്പുകൾ ഇതാ.

കോളിഫ്ലവർ സൂപ്പ്:  100 ഗ്രാം കോളിഫ്ലവറിൽ 25 കാലറിയേ ഉള്ളൂ. ഭാരം കുറയ്ക്കാൻ മികച്ചതാണിത്. കോളിഫ്ലവർ സൂപ്പിന് ആവശ്യമുള്ള ചേരുവകൾ ഇവയാണ്. കോളിഫ്ലവറിന്റെ പത്തോ പന്ത്രണ്ടോ ഇതളുകൾ, 1 വലിയ ഉള്ളി, 2 ഉരുളക്കിഴങ്ങ് അരിഞ്ഞത്, ഒലിവ് ഓയിൽ, 5 വെളുത്തുള്ളി അല്ലി, ക്രീം, പച്ചക്കറിവേവിച്ച വെള്ളം (vegetable stock). പാനിൽ വെളുത്തുള്ളിയും ഉള്ളിയും ബ്രൗൺ നിറമാകും വരെ വഴറ്റുക. അതിലേക്ക് ഉരുളക്കിഴങ്ങ്, കോളിഫ്ലവർ, വെജിറ്റബിൾ സ്റ്റോക്ക് ഇവ ചേർത്ത് തിളപ്പിക്കുക. ക്രീം ചേർക്കുക. കൊഴുത്ത ക്രീം പരുവത്തിൽ ആവും വരെ വേവിക്കുക. (വേണമെങ്കിൽ ഇത് മിക്സിയിൽ അരയ്ക്കുകയുമാവാം) ചൂടോടെ വിളമ്പാം.

 

കൂൺസൂപ്പ്:  കൂൺ രുചികരവും ആരോഗ്യകരവുമാണ്. ഗ്ലൂക്കോസിനെ നിയന്ത്രിച്ച് കൊഴുപ്പിനെ കത്തിച്ചു കളയാൻ ഇത് സഹായിക്കും. പ്രോട്ടീൻ ധാരാളം അടങ്ങിയ കൂൺ ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്തുന്നു, ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. 1 കപ്പ് ചെറുതായരിഞ്ഞ കൂൺ, 1 ടീസ്പൂൺ കോൺഫ്ലവർ (1 ടീസ്പൂൺ പാലിൽ കലക്കിയത്), 1 സവാള, ഉപ്പ്, 1 കപ്പ് പാൽ, കുരുമുളക്, 2 കപ്പ് വെള്ളം ഇവയാണ് ഈ സൂപ്പിനാവശ്യം. ഒരു പാൻ എടുത്ത് അതിലേക്ക് അരിഞ്ഞുവച്ച കൂണും പാലും ചേർത്ത് വേവിക്കുക. ഇത് തണുത്തശേഷം മിക്സിയിൽ അരയ്ക്കുക. ഉള്ളി വഴറ്റുക. അതിലേക്ക് അരച്ചു വച്ച കൂൺ ചേർക്കുക. മൂന്നുമിനിറ്റ് തിളപ്പിക്കുക. ഇത് കട്ടിയാക്കാൻ കോൺഫ്ലവർ ചേർക്കാം. നാലഞ്ചു മിനിറ്റു കൂടി വേവിച്ച ശേഷം ചൂടോടെ വിളമ്പാം.

പച്ചക്കറി സൂപ്പ്: നാരുകൾ ധാരാളം അടങ്ങിയ ഏതു പച്ചക്കറിയും സൂപ്പ് ഉണ്ടാക്കാൻ നല്ലതാണ്. കാരറ്റ്, ബ്രൊക്കോളി തുടങ്ങി നിങ്ങൾക്കിഷ്ടമുള്ള ഏതു പച്ചക്കറിയും എടുക്കാം. കാരറ്റിൽ കാലറി കുറവാണ്. ബ്രൊക്കോളിയിലാകട്ടെ ഫൈറ്റോകെമിക്കലുകൾ അടങ്ങിയിട്ടുമുണ്ട്. ബ്രൊക്കോളി, കാരറ്റ്, ഗ്രീൻപീസ്, കാപ്സിക്കം ഇവ ഒരു കപ്പ് വീതം, സവാള, 6 വെളുത്തുള്ളി അല്ലി, കുരുമുളക്, ഉപ്പ് എന്നിവയാണ് സൂപ്പിനാവശ്യം. പച്ചക്കറികൾ ചെറുതായി അരിയുക. ഒരു പാനിൽ ഒരു ടേബിൾ സ്പൂൺ എണ്ണ ചൂടാക്കി അതില്‍ സവാളയും വെളുത്തുള്ളിയും വഴറ്റുക. പച്ചക്കറികൾ ചേർത്ത് അഞ്ചു മിനിറ്റ് ഇളക്കുക. വെള്ളം ഒഴിച്ച് വേവിക്കുക. 10 മിനിറ്റ് തിളപ്പിച്ച ശേഷം ഉപ്പും കുരുമുളകും ചേർത്ത് ചൂടോടെ വിളമ്പാം.

Tags: ,
Read more about:
EDITORS PICK