യുദ്ധത്തിന് തയ്യാറെടുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സൈനികരോട് ആവശ്യപ്പെട്ട് ചൈനീസ് പ്രസിഡന്റ്

Pavithra Janardhanan October 15, 2020

ചൈനീസ് പ്രസിഡന്റ് സിന്‍ ജിന്‍പിംഗ് തന്റെ സൈനികരോട് ‘യുദ്ധത്തിന് തയ്യാറെടുക്കാന്‍’ ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് ചൈനീസ് വാര്‍ത്താ ഏജന്‍സി സിന്‍‌ഹുവ റിപ്പോര്‍ട്ട് ചെയ്തു. ‘സൈനികര്‍ അതീവ ജാഗ്രത പാലിക്കണം … നിങ്ങളുടെ മനസ്സിനെയും ഊര്‍ജ്ജത്തെയും യുദ്ധത്തിനായി തയ്യാറാക്കണം,’ എന്ന് ജിന്‍‌പിംഗ് പറഞ്ഞതായാണ് റിപ്പോര്‍ട്ട്.സൈനികര്‍ തികച്ചും വിശ്വസ്തരും തികച്ചും ശുദ്ധരും തികച്ചും വിശ്വാസയോഗ്യരുമായിരിക്കണം, ചാവോ സിറ്റിയിലെ പി‌എല്‍‌എയുടെ മറൈന്‍ കോര്‍പ്സ് സന്ദര്‍ശന വേളയില്‍ ചൈനീസ് പ്രസിഡന്റ് പറഞ്ഞു.ലഡാക്കിലെ അതിര്‍ത്തി തര്‍ക്കത്തിനിടയിലാണെങ്കിലും പ്രസിഡന്റിന്റെ പരാമര്‍ശം ഇന്ത്യയെ ഉദ്ദേശിച്ചുള്ളതല്ലെന്നാണ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

യു.എസ്-ചെെന ബന്ധം ദീര്‍ഘകാലമായി മോശമായി വരുന്നതിനിടെ തായ്‌വാന്‍ കടലിടുക്കിലുള്ള അമേരിക്കന്‍ യുദ്ധക്കപ്പലിന്റെ സാന്നിധ്യം ചെെനയെ പ്രകോപിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. എന്നാൽ തങ്ങളുടെ ഭരണപ്രദേശമെന്ന് ചെെന സ്വയം അവകാശപ്പെടുന്ന തായ്‌വാന്‍ തീരത്തുകൂടെയുള്ള യു.എസ് യുദ്ധക്കപ്പലിന്റെ യാത്ര പതിവായുള്ളതാണെന്നാണ് യു.എസ് സേന വ്യക്തമാക്കുന്നത്. ശത്രുരാജ്യത്തിന്റെ മിസൈലുകളെ നിര്‍വീര്യമാക്കാന്‍ സാധിക്കുന്ന യു.‌എസ്.‌എസ് ബാരി എന്ന യുദ്ധക്കപ്പലാണ് കഴിഞ്ഞ ദിവസം തായ്‌വാന്‍ തീരത്തിന് സമീപം കടന്നുപോയതായി പറയപ്പെടുന്നത്. യു.എസിന് ഇന്ത്യോ പസഫിക്ക് മേഖലയിലുള്ള താല്‍പര്യത്തെ ഇത് സൂചിപ്പിക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

എന്നാല്‍ അന്താരാഷ്ട്ര നിയമം അനുവദിക്കുന്നിടതെല്ലാം തങ്ങളുടെ യുദ്ധക്കപ്പലുകളും വിമാനങ്ങളും എത്തിക്കുമെന്നും യു.എസ് നാവിക സേന അറിയിച്ചു. ചെെനയുടെ മുന്നറിയിപ്പിന് പിന്നാലെയാണ് യു.എസ് ഇക്കാര്യം വ്യക്തമാക്കിയത്.പ്രദേശത്തുള്ള യു.എസ് നേവിയുടെ സാന്നിധ്യം തങ്ങളെ തായ്‌വാനില്‍ നിന്നും വേര്‍പ്പെടുത്തുമെന്നാണ് ചെെന ഭയക്കുന്നത്. തായ്‌വാന്‍ മേഖലയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാനും സ്ഥിതിഗതികള്‍ വഷളാക്കാനുമാണ് യു.എസ് നടപടി. ഇത് അവസാനിപ്പിക്കാന്‍ അമേരിക്കയ്‌ക്ക് അന്തിമ മുന്നറിയിപ്പും നല്‍കുന്നതായും ചെെന പറഞ്ഞു.

Tags: , ,
Read more about:
EDITORS PICK