വിവാഹമോചനം നേടിയ ശേഷവും സ്ത്രീക്ക് ഭര്‍ത്താവിന്റെ വീട്ടില്‍ തന്നെ താമസിക്കാം, സുപ്രീംകോടതി

Pavithra Janardhanan October 16, 2020

വിവാഹമോചനം നേടിയ ശേഷവും സ്ത്രീക്ക് ഭര്‍ത്താവിന്റെ വീട്ടില്‍ തന്നെ താമസിക്കാമെന്ന നിര്‍ണായക വിധിയുമായി സുപ്രീംകോടതി. കോടതികളുടെ മറിച്ചുള്ള വിധികള്‍ക്ക് മുകളിലാണ് സുപ്രീംകോടതിയുടെ ഈ വിധി.ജസ്റ്റിസ് അശോക് ഭൂഷന്‍, ആര്‍ സുഭാഷ് റെഡ്ഡി, എംആര്‍ ഷാ എന്നിവരടങ്ങിയ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്.ഭര്‍ത്താവിനൊപ്പം മുൻപ് ‌ ആ വീട്ടില്‍ താമസിച്ചിട്ടുണ്ടെങ്കില്‍ തുടര്‍ന്നും ഭാര്യക്ക്‌ അതേ വീട്ടില്‍ താമസാവകാശമുണ്ട്. ദാമ്പത്യ തർക്കവും ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി.

ഭര്‍ത്താവിന് ഉടമസ്ഥാവകാശമുള്ളതോ വാടകയ്ക്കെടുത്തതോ കൂട്ടുകുടുംബസ്വത്തോ ആയ വീട്ടില്‍ മാത്രമേ ഭാര്യക്ക്‌ താമസാവകാശമുള്ളൂവെന്നും ഭര്‍ത്താവിന്‍റെ മാതാപിതാക്കളുടെ പേരിലുള്ള വീട്ടില്‍ താമസിക്കാന്‍ മരുമകള്‍ക്ക് അവകാശമില്ലെന്നും ആയിരുന്നു 2006-ലെ സുപ്രീംകോടതി വിധി. എന്നാല്‍ ഭര്‍ത്താവിന്‍റെ ബന്ധുവീടാണെങ്കില്‍പ്പോലും അതില്‍ ദമ്ബതിമാര്‍ മുമ്ബ്‌ താമസിച്ചതാണെങ്കില്‍ ഭാര്യക്ക്‌ തുടര്‍ന്നും താമസാവകാശമുണ്ടെന്നാണ് മൂന്നംഗ ബെഞ്ച് വിധി പ്രസ്താവിച്ചത്. ഗാര്‍ഹികപീഡന നിരോധനനിയമത്തിലെ രണ്ട് (എസ്) വകുപ്പുപ്രകാരം താമസം പങ്കിടുന്ന വീട് എന്നതിന്‍റെ നിര്‍വചനമാണ് സുപ്രീംകോടതി വ്യാഖ്യാനിച്ചത്.

2019 ലെ ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരായി സതീഷ് ചന്ദര്‍ അഹൂജ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രിംകോടതിയുടെ നിര്‍ണായക വിധി. സതീഷിന്റെ മരുമകള്‍ സ്നേഹ അഹൂജയ്ക്ക് ഈ വീട്ടില്‍ താമസിക്കാനുള്ള അവകാശമുണ്ടെന്നായിരുന്നു ഡല്‍ഹി ഹൈക്കോടതി വിധി.

ഭര്‍ത്താവ് രവീണ്‍ അഹൂജയില്‍ നിന്ന് വിവാഹ മോചനം നേടാനുള്ള നിയമനടപടികളുമായി സ്നേഹ മുമ്ബോട്ട് പോകവേയായിരുന്നു ഹൈക്കോടതി വിധി. എന്നാല്‍ തന്റെ സ്വന്തം അധ്വാനത്താല്‍ പണികഴിപ്പിച്ച വീട്ടില്‍ മകന്‍ രവീണ്‍ അഹൂജയ്ക്ക് അവകാശമില്ലെന്നും പിന്നെങ്ങനെ ഭാര്യ സ്നേഹയ്ക്ക് അവകാശമുണ്ടാകുമെന്ന് കാണിച്ച്‌ കൊണ്ട് സതീഷ് ഫയല്‍ ചെയ്ത ഹര്‍ജിയാണ് സുപ്രിംകോടതി തള്ളിയത്.

Read more about:
EDITORS PICK