ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും നെയ്യ്

Pavithra Janardhanan October 16, 2020

വരണ്ട ചർമം നിങ്ങളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ടോ? ആരോഗ്യപരമായ ഗുണങ്ങൾ മാത്രമല്ല സൗന്ദര്യസംരക്ഷണത്തിലും പ്രധാനപ്പെട്ട പങ്കു വഹിക്കുന്നുണ്ട് നെയ്യ്. നെയ്യ് കഴിക്കുന്നതും പുറമേ പുരട്ടുന്നതും ചർമത്തിലെ വരൾച്ചയെ പ്രതിരോധിക്കാൻ സഹായിക്കും. വരണ്ട ചർമത്തിൽ ഒന്നു രണ്ടു തുള്ളി നെയ്യ് പുരട്ടി നന്നായി മസാജ് ചെയ്യുക. ഇത് ശരീരത്തിൽ ഒരു സംരക്ഷണ കവചം പോലെ പ്രവർത്തിക്കുകയും ചർമത്തെ വരൾച്ചയിൽനിന്നു രക്ഷിക്കുകയും ചെയ്യും.

നെയ്യ് കൊണ്ട് കുളിക്കാനുള്ള എണ്ണ തയാറാക്കാമെന്ന് നിങ്ങൾക്കറിയാമോ?. കുളിക്കുന്നതിനു മുൻപ് എണ്ണ ശരീരത്തിൽ പുരട്ടുന്ന ശീലമുണ്ടെങ്കിൽ തീർച്ചയായും ഈ എണ്ണ നിങ്ങൾ പരീക്ഷിക്കണം. അഞ്ച് ടേബിൾ സ്പൂൺ നെയ്യെടുത്ത് അതിൽ നിങ്ങൾക്കിഷ്ടപ്പെട്ട ഫ്ലേവറിലുള്ള എസൻഷ്യൽ ഓയിൽ പത്തുതുള്ളി ഒഴിക്കുക. അത് നന്നായി യോജിപ്പിച്ച് ശരീരത്തിൽ പുരട്ടുക. അതിനു ശേഷം കുളിച്ചാൽ ചർമം മൃദുവാകും.

പ്രകൃതിദത്തമായ ഒരു ലൂബ്രിക്കന്റാണ് നെയ്യ്. അതുകൊണ്ടുതന്നെ ചുണ്ടിന്റെ വരൾച്ച മാറ്റാനും തിളക്കം നൽകാനും മൃദുവായിരിക്കാനും നെയ്യ് സഹായിക്കും. ഇനി കണ്ണുകൾക്ക് വല്ലാത്ത ക്ഷീണമുണ്ടെങ്കിലും വിഷമിക്കേണ്ട ആവശ്യമില്ല, അൽപം നെയ്യുണ്ടെങ്കിൽ വളരെ വേഗം ഈ പ്രശ്നത്തിന് പരിഹാരം കാണാം. ഒന്നോ രണ്ടോ തുള്ളി നെയ്യെടുത്ത് കണ്ണിനു ചുറ്റും തേച്ചു പിടിപ്പിക്കുക. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം അൽപം പോലും കണ്ണിനകത്തേക്കു വീഴരുത്. ദിവസവും കണ്ണിനു ചുറ്റും നെയ്യ് ഉപയോഗിച്ച് മസാജ് ചെയ്യുന്നത് കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്.

Tags: , , , ,
Read more about:
EDITORS PICK