അധ്യാപകനെ തെരുവില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം ഭീകരാക്രമണം, അക്രമിയെ പൊലീസ് വധിച്ചു

Pavithra Janardhanan October 17, 2020

പ്രവാചകനെക്കുറിച്ചുള്ള കാരിക്കേച്ചറുകള്‍ ക്ലാസില്‍ ചര്‍ച്ച ചെയ്ത ചരിത്ര അധ്യാപകനെ തെരുവില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ അക്രമിയെന്ന് സംശയിക്കുന്നയാളെ പാരീസ് പൊലീസ് വെടിവെച്ചു കൊന്നു.നടന്നതൊരു ഭീകരാക്രമണമെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍.തീവ്രവാദ ലക്ഷ്യത്തോടെയുള്ള കൊലപാതകത്തെക്കുറിച്ച്‌ ഫ്രഞ്ച് ആന‍റി-ടെറര്‍ പ്രോസിക്യൂട്ടര്‍ അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പടെ നാല് പേരെ മണിക്കൂറുകള്‍ക്ക് ശേഷം പൊലീസ് കസ്റ്റഡിയിലെടുത്തു. തീവ്രവാദ വിരുദ്ധ പ്രോസിക്യൂട്ടര്‍ ജീന്‍ ഫ്രാങ്കോയിസ് റിക്കാര്‍ഡിന്റെ ഓഫീസ് അറിയിച്ചതാണ് ഇക്കാര്യം. തീവ്രവാദ കേസുകളില്‍ സംശയിക്കപ്പെടുന്നവരുടെ കുടുംബത്തെയും സുഹൃത്തുക്കളെയും കണ്ടെത്താന്‍ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കോണ്‍ഫ്രാന്‍സ്-സെന്റ്-ഹോണറിന്‍ പട്ടണത്തില്‍ അദ്ധ്യാപകന്‍ ജോലി ചെയ്തിരുന്ന സ്‌കൂള്‍ സന്ദര്‍ശിച്ച മാക്രോണ്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.

അധ്യാപകന്‍ കൊല ചെയ്യപ്പെട്ട സ്ഥലത്ത് പൊലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഭിപ്രായ സ്വാതന്ത്ര്യം, വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം എന്നിവയെക്കുറിച്ച്‌ ക്ലാസെടുത്തതിനാണ് അധ്യാപകന്‍ കൊലചെയ്യപ്പെട്ടതെന്ന് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു. ആക്രമണം ഫ്രാന്‍സിനെ ഭിന്നിപ്പിക്കരുതെന്ന് അദ്ദേഹം പറഞ്ഞു, അതാണ് തീവ്രവാദികള്‍ക്ക് വേണ്ടത്. ‘പൗരന്മാരായി നാമെല്ലാം ഒരുമിച്ച്‌ നില്‍ക്കണം,’ അദ്ദേഹം പറഞ്ഞു.

 

അധ്യാപകനെ കൊലപ്പെടുത്തിയ അക്രമിയെ പിന്നീട് പൊലീസ് വെടിവെച്ചു കൊല്ലുകയായിരുന്നു. ആയുധധാരിയായ ഇയാള്‍ പൊലീസിനെ കണ്ടു ഓടിരക്ഷപെടാന്‍ ശ്രമിക്കവെയാണ് വെടിവെച്ചത്. അധ്യാപകന്‍ കൊല്ലപ്പെട്ട സ്ഥലത്ത് നിന്ന് 600 മീറ്റര്‍ (യാര്‍ഡ്) അകലെവെച്ചാണ് അക്രമിയെ പൊലീസ് വധിച്ചത്. സംഭവസ്ഥലത്ത് ഒരു ഐഡി കാര്‍ഡ് കണ്ടെത്തിയെങ്കിലും പോലീസ് ഐഡന്റിറ്റി പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മോസ്കോയില്‍ ജനിച്ച 18 കാരനായ ചെചെന്‍ ആണ് പ്രതിയെന്ന് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആ വിവരം ഉടനടി സ്ഥിരീകരിക്കാന്‍ കഴിഞ്ഞില്ല. പ്രവാചകന്‍റെ കാരിക്കേച്ചറുകളെക്കുറിച്ച്‌ 10 ദിവസങ്ങള്‍ക്ക് മുമ്ബാണ് അധ്യാപകന്‍ ക്ലാസില്‍ ചര്‍ച്ച ചെയ്തത്. ഇതിനുശേഷം അധ്യാപകന് വധഭീഷണി ലഭിച്ചിരുന്നു. ഒരു വിദ്യാര്‍ത്ഥിയുടെ രക്ഷകര്‍ത്താവ് അധ്യാപകനെതിരെ പരാതി നല്‍കിയിരുന്നതായി പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Read more about:
EDITORS PICK