മകൾക്കെതിരെ ബലാത്സംഗ ഭീഷണി, വിജയ് സേതുപതിയോടും കുടുംബത്തിനോടും മാപ്പ് ചോദിച്ച് യുവാവ്

Pavithra Janardhanan October 27, 2020

വ്യാജ ട്വിറ്റര്‍ അക്കൗണ്ടിലൂടെ വിജയ് സേതുപതിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് മാപ്പ് ചോദിച്ചു. തമിഴ് ചാനലിന്‍റെ ഇ മെയിലിലേക്കാണ് ക്ഷമ ചോദിച്ച് വിഡിയോ സന്ദേശം അയച്ചത്. വ്യാജ ട്വിറ്റര്‍ അക്കൗണ്ടിന് പിന്നില്‍ ശ്രീലങ്കന്‍ സ്വദേശിയെന്ന് തമിഴ്നാട് ക്രൈംബ്രാഞ്ച് തിരിച്ചറിഞ്ഞിരുന്നു. ഇന്‍റര്‍പോളിന്‍റെ സഹായത്തോടെ ഇയാളെ പിടികൂടാന്‍ ശ്രമം തുടരുന്നതിനിടയിലാണ് ക്ഷമ ചോദിച്ച് വിഡിയോ സന്ദേശം.

താനിന്നേ വരെ ആർക്കെതിരെയും മോശമായി സംസാരിച്ചിട്ടില്ലെന്നും കോവിഡ് മഹാമാരിയെ തുടർന്ന് ജോലി പോയതിന്റെ സങ്കടത്തിലിരിക്കുമ്പോൾ ആ ദോഷ്യത്തിൽ അറിയാതെ ചെയ്തു പോയതാണെന്നും ഇനി ഒരിക്കലും ഇതാവർത്തിക്കില്ലെന്നും ഇയാൾ വ്യക്തമാക്കുന്നു.

“വിജയ് സേതുപതി സാറിനും മകൾക്കുമെതിരെ നിന്ദ്യമായ അഭിപ്രായം എഴുതിയ ട്വിറ്റർ ഉപയോക്താവാണ് ഞാൻ. അവഹേളനപരമായ അഭിപ്രായങ്ങൾക്ക് ആത്മാർത്ഥമായി ക്ഷമ ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ മാപ്പ് ഞാൻ അർഹിക്കുന്നില്ലെന്നറിയാം. പക്ഷേ ഇന്നേ വരെ ആരോടും ഞാൻ മോശമനായി സംസാരിച്ചിട്ടില്ല. ഈ കോവിഡ് മഹാമാരിക്കാലത്ത് എന്റെ ജോലി പോയി. ആഭ്യന്തര യുദ്ധത്തെ ചുറ്റിപ്പറ്റിയുള്ള ഒരു സിനിമയിലാണ് വിജയ് സേതുപതി അഭിനയിക്കുന്നതെന്ന് അറിഞ്ഞപ്പോൾ, ആ നിമിഷത്തെ വികാരത്തിന്റെ പുറത്ത് ഞാൻ ഒരു മോശം പോസ്റ്റ് ഇട്ടു.

ഇനി ഇത്തരം ട്വീറ്റുകൾ ഞാൻ ചെയ്യില്ല. കഠിനമായ ശിക്ഷയ്ക്ക് ഞാൻ അർഹനാണെന്ന് എനിക്കറിയാം. വിജയ് സേതുപതി സാറിനോടും ഭാര്യയോടും മകളോടും എല്ലാവരോടും ഞാൻ വീണ്ടും ക്ഷമ ചോദിക്കുന്നു..എന്നെ ഒരു സഹോ​ദരനായി കണ്ട് മാപ്പ് നൽകണം. എല്ലാ തമിഴരോടും ഞാൻ മാപ്പ് ചോദിക്കുന്നു. എന്റെ മുഖം ഞാൻ വ്യക്തമാക്കാത്തതിന് കാരണം എനിക്കൊരു കുടുംബമുണ്ട് അവരുടെ ജീവിതം നശിക്കരുതെന്ന് കരുതിയാണ്. എന്നെ കരുതി അല്ലെങ്കിലും എന്റെ കുടുംബത്തെ കരുതി എന്നോട് ക്ഷമിക്കണം..”. വീഡിയോയിൽ ഇയാൾ പറയുന്നു.

ശ്രീലങ്കൻ സ്പിന്നിങ്ങ് ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന 800 എന്ന ചിത്രത്തിൽനിന്ന് വിജയ് സേതുപതി പിൻമാറിയതിന് പിന്നാലെയായിരുന്നു ഇയാളുടെ ട്വീറ്റ്.ശ്രീലങ്കയിലെ തമിഴ് കൂട്ടക്കൊലയെ മുത്തയ്യ മുരളീധരൻ ന്യായീകരിച്ചുവെന്നും മഹിന്ദ രജപക്ഷയ്ക്കു അനുകൂല നിലപാടെടുത്തുവെന്നും ആരോപിച്ചായിരുന്നു വിജയ് സേതുപതിക്കെതിരായ പ്രതിഷേധം. ഭാവിയെ ബാധിക്കുമെന്നതിനാൽ ചിത്രത്തിൽ നിന്നു പിന്മ‍ാറാൻ മുരളീധരൻ, വിജയ് സേതുപതിയോട് അഭ്യർഥിച്ചിരുന്നു. ഇതിനു ശേഷം വിജയ് സേതുപതി ഈ പ്രോജ്ക്ട് വേണ്ടെന്നു വയ്ക്കുകയായിരുന്നു.

Read more about:
RELATED POSTS
EDITORS PICK