നനക്കുന്നതിനുള്ള സൗകര്യമുണ്ടോ? വര്‍ഷത്തില്‍ ഏതുസമയത്തും പാവല്‍ കൃഷി ചെയ്യാം

Pavithra Janardhanan November 3, 2020

ഇന്ത്യയുടെ സ്വന്തം പച്ചക്കറിവിളയായ പാവലിന് വര്‍ദ്ധിച്ച പോഷകമൂല്യത്തോടൊപ്പം ഔഷധഗുണങ്ങളുമുണ്ട്. പ്രമേഹത്തിനു മുതല്‍ ആസ്ത്മ, വിളര്‍ച്ച എന്നിവയ്ക്ക് എതിരായും പാവല്‍ ഉപയോഗിക്കപ്പെടുന്നു. നനയ്ക്കുന്നതിനുള്ള സൗകര്യമുണ്ടെങ്കില്‍ വര്‍ഷത്തില്‍ ഏതുസമയത്തും പാവല്‍ കൃഷി ചെയ്യാവുനന്താണ്. എന്നിരുന്നാലും, ഏപ്രില്‍-മെയ്, ആഗസ്റ്റ്-സെപ്തംബര്‍ മാസങ്ങളില്‍ നടുന്നവയ്ക്കാണ് കൂടുതല്‍ വിളവ് ലഭിക്കുന്നത്.

ഈ സമയങ്ങളില്‍ തുടങ്ങുന്ന പാവല്‍കൃഷിയില്‍ കീട-രോഗ ശല്യവും താരതമ്യേന കുവായിട്ടാണ് കാണുന്നത്.പ്രീതി, പ്രിയ, പ്രിയങ്ക എന്നിങ്ങനെ കേരളത്തില്‍ പ്രധാനമായും മൂന്നിനങ്ങളാണ് കൃഷി ചെയ്തുവരുന്നത്.

ഒരു സെന്‍റ് പാവല്‍ കൃഷിചെയ്യുന്നതിന് 25 ഗ്രാം വിത്ത് ആവശ്യമുണ്ട്. ഒരു സെന്‍റില്‍ 10 കുഴികള്‍ എടുക്കാവുന്നതാണ്. രണ്ടു ചെടികള്‍ തമ്മില്‍ രണ്ടു മീറ്റര്‍ അഥവാ ആറടിയുടെ ഇടയകലം വേണം. ഒരു കുഴിയില്‍ നാലഞ്ച് വിത്തുകള്‍ നട്ട് വളര്‍ന്നുവരുമ്പോള്‍ ആരോഗ്യമുള്ള രണ്ടെണ്ണം മാത്രം നിലനിര്‍ത്തിയാല്‍ മതിയാകും. മൂന്നു സെന്‍റിമീറ്റര്‍ ആഴത്തിലാണ് വിത്തുകള്‍ നടേണ്ടത്. ചെടി നട്ട് 45 – 50 ദിവസത്തിനുള്ളില്‍ പൂവിടുന്ന പാവല്‍ 60 – 70 ദിവസത്തിനുള്ളില്‍ വിളവെടുപ്പിന് പാകമാകുന്നു. കൃത്യമായി പരിപാലിക്കുന്ന ചെടികളില്‍നിന്ന് 3-4 മാസം വരെ വിളവെടുക്കാവുന്നതാണ്.

Tags:
Read more about:
EDITORS PICK