ഇനിയാകാം മുറ്റത്തൊരു പാഷൻ ഫ്രൂട്ട് പന്തൽ

Pavithra Janardhanan November 5, 2020

ഇനിയും തിരിച്ചറിയാത്തതും എന്നാൽ ഏറെ ഗുണകരമായതുമായ മറ്റൊരു ഫലമാണ് പാഷൻ ഫ്രൂട്ട്. വള്ളികൾ പടർന്നു പന്തലിച്ച് തണലും ഫലങ്ങളും മാത്രമല്ല വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്താൽ കൈനിറയെ വരുമാനവും തരും പാഷൻ ഫ്രൂട്ട്. വേനലിലെ തണുപ്പിക്കാൻ പലപ്പോഴും ജ്യൂസായും അല്ലാതെയും നമ്മൾ കഴിക്കുന്ന പാഷൻഫ്രൂട്ട് പല വീടുകളിലും വളർന്നു പന്തലായി നിൽക്കുമ്പോഴും അതിന്റെ വാണിജ്യ സാധ്യതകളെപ്പറ്റി വലിയ അറിവില്ലെന്നതാണു വാസ്തവം. ഇന്നു കേരളത്തിൽ പലയിടങ്ങളിലും വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാൻ ആരംഭിച്ച പാഷൻ ഫ്രൂട്ട് വയനാടിന്റെ കാലാവസ്ഥയിലും യോജ്യമായ കൃഷിയാണെന്നാണ് വിലയിരുത്തൽ. പാഷൻഫ്രൂട്ടിന് മണവും നിറവും നൽകാൻ രാസവസ്തുക്കൾ ഒന്നും ആവശ്യമില്ലെന്നും ഇതിനെ ജനപ്രിയമാക്കുന്നതിനു കാരണമാണ്.

പാഷന്‍ ഫ്രൂട്ട് പോലെയുള്ള നൂതന വിളകള്‍ കൃഷിചെയ്യുന്നത് ആദായത്തിനും ആരോഗ്യത്തിനും അഭികാമ്യമാണ്. മാത്രമല്ല ഗ്രാമപ്രദേശത്തുള്ള തൊഴില്‍ രഹിതര്‍ക്ക് തൊഴില്‍ദായകവും, വ്യവസായ വളര്‍ച്ചക്ക് സഹായകവുമാണ്.ഇങ്ങനെ നമ്മുടെ ഭക്ഷ്യ ആരോഗ്യ, തൊഴില്‍ സുരക്ഷക്ക് പാഷന്‍ ഫ്രൂട്ട് പോലെയുള്ള നൂതന വിളകള്‍ വളരെ അധികം സഹായിക്കുന്നു. ഇന്ത്യയില്‍ പാഷന്‍ ഫ്രൂട്ട് ഉത്പാദനത്തിന്റെ 80 ശതമാനവും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലാണ് നടക്കുന്നത്.

വയനാട്, കുടക്, നീലഗിരി എന്നിവിടങ്ങളില്‍ പാഷന്‍ഫ്രൂട്ട് വ്യാപകമായി വളര്‍ത്തുന്നുണ്ട്. കൃഷി വകുപ്പിന്റെ കീഴില്‍ പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതിയില്‍ പ്രവര്‍ത്തിക്കുന്ന ഓറഞ്ച് ആന്‍ഡ് വെജിറ്റബിള്‍ ഫാമില്‍, അവിടെത്തന്നെ വളരുന്ന പാഷന്‍ഫ്രൂട്ട് ഉപയോഗിച്ച് സ്‌ക്വാഷ് നിര്‍മിക്കുന്നുണ്ട്. ഇത് ഇതിനോടകം തന്നെ ഏറെ ജനപ്രീതി നേടിയിട്ടുണ്ട്. പാഷന്‍ ഫ്രൂട്ടിന്റെ നീര് മാത്രമല്ല, അതിന്റെ പുറംതോടും ഉപയോഗപ്രദമാണ്.ലോകത്തില്‍ 600 ല്‍ പരം പാഷന്‍ ഫ്രൂട്ട് സ്പീഷിസുകള്‍ ഉണ്ടെങ്കിലും പ്രധാനമായും മൂന്ന് ഇനങ്ങളാണ് നമ്മുടെ നാട്ടില്‍ കൃഷിചെയ്യ്തുവരുന്നത്. ചുവപ്പ്, മഞ്ഞ, ആകാശ വെള്ളരി എന്ന് വിളിക്കുന്ന ജയിന്റ് എന്നിവയാണാവ. മൗണ്ടന്‍ സ്വീറ്റ് കപ്പ്എന്നു വിളിക്കുന്ന ചുവന്ന ഇനം, പാസിഫ്‌ളോറ എടുലിസ് എടുലിസ്എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്നു.

ബ്രസീല്‍ ആണ് ഇതിന്റെ ജന്മദേശം. ഇളം ചുവപ്പുമുതല്‍ കടും പര്‍പ്പിള്‍ വരെ നിറമുള്ള ഇവയുടെ കായ്കള്‍ക്ക് ആറ്-ഏഴ് സെന്റിമീറ്റര്‍ നീളവും 100 മുതല്‍ 150 ഗ്രാം വരെ തൂക്കവുമുണ്ട്. ഇവയ്ക്ക് മധുരം കൂടുതലും പുളി രസം കുറവുമാണ്.’ഗോള്‍ഡന്‍ പാഷന്‍ ഫ്രൂട്ട്’എന്നു വിളിക്കപ്പെടുന്ന മഞ്ഞ ഇനം, പര്‍പ്പിള്‍ ഇനത്തില്‍ നിന്നും ഉരുത്തിരിഞ്ഞ് വന്നിട്ടുള്ളതാണ്. ഇവയുടെ കായ്കള്‍ കടും മഞ്ഞനിറമുള്ളതും 57 സെന്റിമീറ്റര്‍ വരെ നീളമുള്ളതും 60-130 ഗ്രാം വരെ തൂക്കമുള്ളതുമാണ്. ഇവയ്ക്ക് പര്‍പ്പിള്‍ ഇനത്തിനേക്കാള്‍ പുളിരസം കൂടുതലാണ്.ജയിന്റ് ഗ്രനാഡില്ല എന്ന് ഇംഗ്ലിഷില്‍ വിളിക്കുന്നതും, ആകാശവെള്ളരി എന്ന് നാം പറഞ്ഞു വരുന്നതുമായ വലിയ ഇനത്തിന് 30 സെന്റിമീറ്റര്‍ വരെ നീളവും 500 ഗ്രാംവരെ തൂക്കവുമുണ്ട്. മറ്റുള്ളവയെ അപേക്ഷിച്ച് ഇതിന് രുചിയും മണവും കുറവാണ്.


ഇതു കൂടാതെ പരമ്പരാഗതമായി ചെറിയ തോതില്‍ കൃഷിചെയ്യുന്ന നല്ല നാടന്‍ ഇനങ്ങളും നിലവിലുണ്ട്. ഉയര്‍ന്ന വിളവു തരുന്നതും നല്ല ഗുണമേന്മ ഉള്ളതും, അതാത് ദേശത്തിന് ഏറ്റവും ഇണങ്ങിയതുമായ ഇനങ്ങളാണ് കൃഷിക്കായി ശുപാര്‍ശ ചെയ്യപ്പെട്ടിട്ടുള്ളത്. ചുവപ്പിലും മഞ്ഞയിലും തന്നെ കാലാവസ്ഥയുടെ അടിസ്ഥാനത്തില്‍ പ്രധാനമായും രണ്ടുതരമുണ്ട്. സമതല പ്രദേശങ്ങള്‍ക്ക് യോജിച്ചതും അതുപോലെ ഉയര്‍ന്ന പ്രദേശങ്ങള്‍ക്ക് അനുയോജ്യമായതും. രണ്ട് പ്രദേശങ്ങള്‍ക്കും ഒരുപോലെ കാര്യക്ഷമമായ ഇനം ഇപ്പോള്‍ നിലവിലില്ല. സമതല പ്രദേശത്തിന് യോജിച്ച ഇനങ്ങള്‍ ഉയര്‍ന്ന പ്രദേശത്തിനും അതുപോലെ തിരിച്ചും ഉപയുക്തമല്ല.

വിത്തുകള്‍ മുഖേനയും, തണ്ട് വേരുപിടിപ്പിച്ചും, ഗ്രാഫ്റ്റ് ചെയ്തും, ലെയറു ചെയ്തും, ടിഷ്യുകള്‍ചര്‍ മുഖേനയും പാഷന്‍ ഫ്രൂട്ട് വളര്‍ത്തി എടുക്കാവുന്നതാണ്. വിത്ത് മുളപ്പിക്കുന്നതും തണ്ട് മുറിച്ച് നടുന്നതുമാണ് ഇതില്‍ കൂടുതല്‍ പ്രായോഗികമായ രീതികള്‍. വിത്തിന്റെ അങ്കുരണ ശേഷി വേഗം നഷ്ടപ്പെടുമെന്നതിനാല്‍ പുതിയ വിത്ത് ഉപയോഗിക്കേണ്ടതാണ്. വിത്തിന്റെ ആവരണം വളരെ കട്ടികൂടിയതാണ്. ആയതിനാല്‍ രണ്ട് ദിവസത്തോളം വിത്തുകള്‍ വെള്ളത്തില്‍ മുക്കിവച്ച് നഴ്‌സറിയില്‍ പാകി മുളപ്പിച്ചെടുക്കാവുന്നതാണ്. 10-20 ദിവസങ്ങള്‍ക്കകം വിത്ത് മുളച്ചു വരും. മുളച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ ഇവയെ പോളിബാഗുകളിലേക്ക് മാറ്റാവുന്നതാണ്. ഏതാണ്ട് 30 സെന്റിമീറ്ററില്‍ കൂടുതല്‍ വലുപ്പമാകുമ്പോള്‍ പ്രധാന നിലത്തിലേക്ക് മാറ്റി നടാവുന്നതാണ്. നഴ്‌സറിയില്‍ കുമിള്‍ ബാധമൂലം ചെടി വാടി വീഴുകയാണെങ്കില്‍ ബാവിസ്റ്റിന്‍/ഫൈറ്റൊലാന്‍/ഇന്‍ഡോഫില്‍ (രണ്ട്-മൂന്ന് ഗ്രാം/ലിറ്റര്‍ എന്ന നിരക്കില്‍) തളിച്ചുകൊടുക്കാവുന്നതാണ്.


അനുകൂലസാഹചര്യങ്ങളില്‍ പാഷന്‍ ഫ്രൂട്ടിന്റെ തണ്ടും ഇലകളും എട്ടാം മാസം മുതല്‍ 11-ാം മാസം വരെ നന്നായി വലിപ്പം വച്ച് തുടങ്ങുകയും പിന്നീട് വളര്‍ച്ച സാവധാനമാവുകയും ചെയ്യുന്നു. അഞ്ചാം മാസം മുതല്‍ 12 -ാം മാസം വരെ ധാരാളമായി ശിഖരങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. ഒന്‍പതാം മാസം മുതല്‍ പുഷ്പിക്കുകയും കായ്ക്കുകയും ചെയ്യുന്നു. പാഷന്‍ ഫ്രൂട്ടിന്റെ വേരുപടലങ്ങള്‍ ഏഴാം മാസം വരെ സാവധാനം വളരുന്നു. അതിനു ശേഷം 10-ാം മാസം വരെ അതിവേഗം വളര്‍ന്ന് പടരുകയും, പിന്നീട് സാവധാനത്തിലാകുകയും ചെയ്യുന്നു.പാഷന്‍ ഫ്രൂട്ട് ഉഷ്ണ മേഖലയിലും സമശീതോഷ്ണ മേഖലയിലും നന്നായി വളരുന്നു. നല്ല ചൂടും, സാന്ദ്രതയുമുള്ള കാലാവസ്ഥയാണ് പാഷന്‍ ഫ്രൂട്ട് കൃഷിക്ക് ഉത്തമം.


പാഷന്‍ ഫ്രൂട്ടിന്റെ തുടര്‍ച്ചയായ നല്ല വളര്‍ച്ചയ്ക്കും കായ്ഫലത്തിനും മണ്ണില്‍ ആവശ്യമായ ജലാംശം ഉണ്ടായിരിക്കണം. വര്‍ഷം മുഴുവനും ക്രമമായി ലഭിക്കുന്ന 800 മുതല്‍ 1750 മില്ലിമീറ്റര്‍മഴയാണ് ഏറ്റവും അഭികാമ്യം. മഴയുടെ അഭാവത്തില്‍ ജലസേചനം അത്യാവശ്യമാണ്. ജല ദൗര്‍ലഭ്യം മൂലം കായുടെ വളര്‍ച്ച മുരടിക്കുന്നതിനും ഇല, പൂവ്, കായ്, മുതലായവ പൊഴിയുന്നതിനും ഇടയാകും. മഴകൂടുതലുള്ള സാഹചര്യങ്ങളില്‍ പ്രാണികള്‍ മൂലമുള്ള പരാഗണം തടസ്സപ്പെടുകയും ആവശ്യമായ പ്രകാശം ലഭിക്കാത്തതുകൊണ്ട് വിളവ് കുറയുകയും ചെയ്യുന്നു. പാഷന്‍ ഫ്രൂട്ട് ഏതുമണ്ണിലും വളര്‍ത്താമെങ്കിലും മണല്‍ കലര്‍ന്നതും നല്ല നീര്‍വാര്‍ച്ചയുള്ളതുമായ പശ്ചിമരാശി മണ്ണാണ് ഉത്തമം. മണ്ണില്‍ ജൈവാംശം ഏറെ ആവശ്യമാണ്. പാഷന്‍ ഫ്രൂട്ടിന്റെ വേരുപടലം മണ്ണിന്റെ ഉപരിതലത്തോട് ചേര്‍ന്നാണ് കൂടുതലും കാണുന്നത്. 60 ശതമാനം വേരുകളും 30 സെന്റിമീറ്റര്‍ വരെയുള്ള ഉപരിതലത്തില്‍ കാണപ്പെടുന്നു. വേരുപടലത്തിന്റെ നല്ല വളര്‍ച്ചക്ക് പ്രാണവായു ആയ ഓക്‌സിജന്റെ ലഭ്യത വളരെ ആവശ്യമാണ്. ഇതിനായി നല്ല നീര്‍വാര്‍ച്ച ഉറപ്പുവരുത്തണം അല്ലെങ്കില്‍ വേരുപടലങ്ങള്‍ സാവധാനം ഉണങ്ങി നശിക്കുന്നതിന് ഇടയാകും.

പാഷന്‍ ഫ്രൂട്ടിന്റെ ശരിയായ വളര്‍ച്ചക്കും, വിളവിനും നല്ല സൂര്യപ്രകാശം അത്യാവശ്യമാണ്. 1000 മില്ലിമീറ്റര്‍ മഴയെങ്കിലുമുള്ള സ്ഥലം വേണം തെരഞ്ഞെടുക്കാന്‍. മഴയുടെ അഭാവത്തില്‍ നല്ല ജലസേചനസൗകര്യമുണ്ടായിരിക്കണം. നല്ല വളക്കൂറുള്ളതും,ുഒ 6.5-7.5 വരെ ഉള്ളതും, നല്ല നീര്‍വാര്‍ച്ചയുള്ളതുമായ മണ്ണാണ് ഉത്തമം. വെള്ളക്കെട്ട് അഭികാമ്യമല്ല. വലിയ കാറ്റിന്റെ ശല്യമില്ലാത്ത എട്ടു ശതമാനം വരെ ചരിവുള്ള സ്ഥലങ്ങളാണ് പാഷന്‍ഫ്രൂട്ട് കൃഷിക്ക് ഏറ്റവും അനുയോജ്യമായത്.
പാഷന്‍ ഫ്രൂട്ട് നടുന്നതിന് ഒന്നോ, രണ്ടോ മാസം മുമ്പായി നിലം ഒരുക്കേണ്ടതാണ്. നിലത്തുള്ള കാടുകളും, പള്ളകളും നീക്കി നന്നായി ഉഴുത് ചാണകം, കമ്പോസ്റ്റ്, പച്ചിലവളം മുതലായവ ചേര്‍ത്ത് ഒരുക്കുന്നത് വളരെ നല്ലതാണ്.പാഷന്‍ ഫ്രൂട്ട് വള്ളികള്‍ ഏതു താങ്ങുകളിലും മരങ്ങളിലും വളര്‍ത്താമെങ്കിലും നല്ല രീതിയില്‍ പന്തലിട്ട് വളര്‍ത്തുന്നതാണ് ഏറ്റവും കാര്യക്ഷമമായ രീതി. മാത്രവുമല്ല, സാധാരണ മരങ്ങളില്‍ പടര്‍ന്ന് പന്തലിക്കാന്‍ അനുവദിച്ചാല്‍ അവ ക്രമേണ നശിച്ചു പോകുവാന്‍ ഇടയാകും.


പാഷന്‍ ഫ്രൂട്ട്, പുഷ്പ്പിച്ച് കായ്ക്കാന്‍ തുടങ്ങുന്നതോടെ പോഷക മുല്യങ്ങളുടെ ആവശ്യകത വളരെ വര്‍ധിക്കുന്നു. ഒരു ഹെക്ടര്‍ സ്ഥലത്തു നിന്നും ഒരു വര്‍ഷം 205 കിലോഗ്രാം നൈട്രജ്ന്‍ 17 കിലോഗ്രാം ഫോസ്ഫറസ് 184 കിലോഗ്രാം പൊട്ടാസിയം 152 കിലോഗ്രാം കാല്‍സിയം, 14 കിലോഗ്രാം മഗ്നീഷ്യം, 25 കിലോഗ്രാം സല്‍ഫര്‍, മൂന്നു കിലോഗ്രാം മാന്‍ഗനീസ് എന്നിങ്ങനെ പാഷന്‍ ഫ്രൂട്ട് ചെടികള്‍ വലിച്ചെടുക്കുന്നു. പോഷകാംശങ്ങളുടെ അഭാവം മൂലം ചെടികളുടെ വളര്‍ച്ച മുരടിക്കുകയും പല തരത്തിലുളള പോഷക മൂല്യാഭാവ ലക്ഷണങ്ങള്‍ കാണിക്കുകയും ചെയുന്നു

Read more about:
EDITORS PICK