മുഖസൗന്ദര്യം വര്‍ധിപ്പിക്കാം, ചര്‍മം ആകര്‍ഷകമാക്കാം,ഇതാ ചില ഫേസ്പാക്കുകൾ

Pavithra Janardhanan November 7, 2020

ചര്‍മാരോഗ്യം എന്നത് ശരീരത്തിന്റെ പൊതുവായ ആരോഗ്യത്തെ ആശ്രയിച്ചിരിക്കുന്നു. ചര്‍മ സൗന്ദര്യത്തിനായി ഉപയോഗിക്കുന്ന കൃത്രിമ വസ്തുക്കളെല്ലാം പലപ്പോഴും ചര്‍മത്തിന് ദോഷകരമായി മാറാറുണ്ട്. അതുകൊണ്ട് പ്രകൃതിദത്ത മാര്‍ഗങ്ങള്‍ പിന്തുടരുന്നതാണ് നല്ലത്.ഫേസ് പാക്ക് ചര്‍മത്തിന് അനുസരിച്ച് വരണ്ട ചര്‍മം, എണ്ണമയമുള്ള ചര്‍മം,സാധാരണ ചര്‍മം എന്നിങ്ങനെ ചര്‍മത്തെ മൂന്നായി തരംതിരിക്കാം. ചര്‍മത്തിന്റെ സ്വഭാവം അനുസരിച്ചുള്ള നാച്വറല്‍ ഫേസ് പാക്ക് വേണം തിരഞ്ഞെടുക്കാന്‍. ഫേസ് പാക്കുകള്‍ ഇടുന്നതിന് മുമ്പ് മുഖം അഞ്ചു മിനിറ്റ് ആവി കൊളളിച്ച് നേര്‍ത്ത തുണികൊണ്ട് തുടച്ച് വൃത്തിയാക്കുക. ഇതോടൊപ്പം പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കണം. നന്നായി വെള്ളം കുടിക്കണം. വ്യായാമം ശീലിക്കണം. നന്നായി ഉറങ്ങുകയും വേണം.

അരക്കപ്പ് പപ്പായ നന്നായി ഉടച്ച് പേസ്റ്റാക്കി അതില്‍ ഒരു ടേബിള്‍ സ്പൂണ്‍ തേനും ചേര്‍ത്ത് യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി 30 മിനിറ്റിന് ശേഷം കഴുകിക്കളയാം. ഈ മിശ്രിതം വരണ്ട ചര്‍മത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നു. തേന്‍ പ്രകൃതിദത്തമായ മോയിസ്ചറൈസറാണ്.

അധികം എണ്ണമയം ഇല്ലാത്തതും വരളാത്തതുമായ ചര്‍മമാണ് സാധാരണ ചര്‍മം. മഞ്ഞളും ചന്ദനവും ചേര്‍ത്ത് ഒരു ടീസ്പൂണ്‍ മഞ്ഞളും സമം അരച്ച ചന്ദനവും യോജിപ്പിച്ച് മിശ്രിതമാക്കി മുഖത്ത് പുരട്ടുക. 30 മിനിറ്റിന് ശേഷം കഴുകിക്കളയാം. മെലാനിന്‍ എന്ന വര്‍ണവസ്തുവിന്റെ ഉത്പാദനത്തെ നിയന്ത്രിക്കുന്നതിനും മുഖചര്‍മം പരിപോഷിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു.

തൈരും ഓട്‌സും-ഒരു ടേബിള്‍ സ്പൂണ്‍ ഓട്‌സ് മിക്‌സിയിലിട്ട് പൊടിച്ചതും സമം തൈരും ചേര്‍ത്ത് യോജിപ്പിക്കുക. ഈ മിശ്രിതം ഫേസ് പാക്കായി ഉപയോഗിക്കാം. മുഖത്തെ പാടുകള്‍ മാഞ്ഞ് മുഖസൗന്ദര്യം വര്‍ധിപ്പിക്കുവാന്‍ ഈ ഫേസ് പാക്ക് നല്ലതാണ്.

സ്‌നേഹഗ്രന്ഥികളുടെ അമിത പ്രവര്‍ത്തനമാണ് ചര്‍മത്തില്‍ എണ്ണമയമുണ്ടാകാന്‍ കാരണം.ഇത്തരക്കാർക്ക് ഉപയോഗിക്കേണ്ട ഫേസ്പാക്ക്  ആര്യവേപ്പും ചെറുനാരങ്ങയും. ആര്യവേപ്പില ആറെണ്ണം നന്നായി അരച്ചെടുക്കുക. ഇതില്‍ ചെറുനാരങ്ങ ചേര്‍ക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടാം. ഇത് മികച്ച അണുനാശിനിയാണ്. മുഖത്തെ പാടുകള്‍ നീക്കം ചെയ്യുന്നതിനും എണ്ണമയം വലിച്ചെടുക്കുന്നതിനും ഇത് സഹായിക്കും.

Tags: ,
Read more about:
EDITORS PICK