താരൻ അകറ്റാം, മുഖകാന്തി വർധിപ്പിക്കാം, ഇത്തിരിക്കുഞ്ഞൻ ചെറുനാരങ്ങ മാജിക് അറിഞ്ഞോളൂ

Pavithra Janardhanan November 10, 2020

ചെറുനാരങ്ങ പേരുപോലെ തന്നെ ചെറുതാണെങ്കിലും സൗന്ദര്യ സംരക്ഷണത്തിൽ ഈ ഇത്തിരിക്കുഞ്ഞൻ ഒരു പുലിതന്നെയാണ്. ദാഹിക്കുമ്പോൾ വെള്ളത്തിൽചേർത്തു കുടിക്കാനും സലാഡുകൾക്കു ഭംഗിയും പുളിപ്പും നൽകാനും മാത്രമല്ല ശരീരത്തിലെ പാടുകൾ മാറ്റി ചർമത്തിന് ഓജസ് നൽകാനും ഈ ഇത്തിരിക്കുഞ്ഞനു കഴിയും . ഒരു പ്രകൃതിദത്ത ബ്ലീച് ആയി പ്രവർത്തിച്ചു ചർമത്തിന്റെ നിറവും ഭംഗിയും കൂട്ടാനും ചെറുനാരങ്ങയ്ക്കു കഴിയും. ഒരു ഫേസ്‌പാക്കിന്റെ കൂടെയോ അല്ലാതെയോ നാരങ്ങാ മുഖത്ത് തേച്ചാൽ മുഖത്തെ പാടുകളും ചുളിവുകളുമൊക്കെ മാറി മുഖത്തിന്റെ അഴക് വർധിക്കും.

തലമുടിയുടെ സംരക്ഷണ കാര്യത്തിൽ സ്ത്രീ പുരുഷ ഭേദമന്യേ ഏവരും നേരിടുന്ന ഒരു പ്രധാന വില്ലനാണ് താരൻ. താരൻശല്യം പൂർണമായും ഇല്ലാതാക്കാനും ചെറുനാരങ്ങാ കൊണ്ട് കഴിയും. സ്ഥിരമായി ഉപയോഗിക്കുന്ന എണ്ണയോടൊപ്പം അൽപം ചെറുനാരങ്ങാനീര് കൂടി തലയോട്ടിയിൽ നന്നായി തേച്ചുപിടിപ്പിക്കുക ഇരുപതു മിനിട്ടിനു ശേഷം കഴുകിക്കളയുക.ഇവ സ്ഥിരമായി ചെയ്താൽ താരൻ എന്ന വില്ലനിൽ നിന്നും പൂർണമായും തലമുടിയെ സംരക്ഷിക്കാനാകും.

കൗമാരക്കാരായ പെൺകുട്ടികളെ അലട്ടുന്ന പ്രധാന പ്രശ്‌നമാണ് മുഖത്തെ എണ്ണമയം.മുഖക്കുരുവിനും മുഖത്തെ കറുത്ത പാടുകൾക്കും ഒരു പ്രധാന കാരണം മുഖത്തെ എണ്ണമയമാണ്. എണ്ണമയമുള്ള മുഖത്ത് അത്ഭുതകരമായ മാറ്റങ്ങൾ വരുത്തുവാൻ നമ്മുടെ ഇത്തിരിക്കുഞ്ഞൻ ചെറുനാരങ്ങയ്ക്കു കഴിയും. ചെറുനാരങ്ങാനീരിൽ ഒരൽപം വെള്ളം കൂടി ചേർത്ത് ഒരു പഞ്ഞി കൊണ്ട് മുക്കി മുഖത്ത് മെല്ലെ തടവുക. എണ്ണമയം ഇല്ലാതാകുന്നത് കാണാൻ സാധിക്കും. ഇത് സ്ഥിരമായി ചെയ്താൽ മുഖത്തെ എണ്ണമയത്തിൽ കാര്യമായി മാറ്റങ്ങളുണ്ടാവുകയും മുഖത്തെ ചർമം മൃദുവാവുകയും മുഖകാന്തിവർധിക്കുകയും ചെയ്യും.

Tags: , , ,
Read more about:
EDITORS PICK