28 മോഡലുകൾ പുറത്തിറക്കാൻ റോയൽ എൻഫീൽഡ്

Pavithra Janardhanan November 11, 2020

ആഭ്യന്തര, വിദേശ വിപണികളിലെ സാന്നിധ്യം ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെ ഓരോ ത്രൈമാസത്തിലും ഓരോ പുതിയ മോട്ടോർ സൈക്കിൾ അവതരിപ്പിക്കാനാണ് ഐഷർ മോട്ടോഴ്സിന്റെ ഇരുചക്രവാഹന നിർമാണ വിഭാഗമായ റോയൽ എൻഫീൽഡിന്റെ പദ്ധതി. കൂടാതെ വരുന്ന 12 മാസത്തിനകം തായ്‌ലൻഡിൽ അസംബ്ലിങ് ശാല സ്ഥാപിക്കാനും കമ്പനി തയാറെടുക്കുന്നുണ്ട്.ഏഴു വർഷത്തിനിടെ കുറഞ്ഞത് 28 പുതിയ മോഡലുകൾ പുറത്തിറക്കാനാണു പദ്ധതി.

നിലവിലുള്ള ബൈക്കുകളുടെ പുതിയ വകഭേദങ്ങൾക്കും പുത്തൻ നിറക്കൂട്ടുകൾക്കും പുറമെയാവുമിതെന്നും പ്രോഡക്ട് പ്ലാൻ വിശദീകരണ വേളയിൽ റോയൽ എൻഫീൽഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ വിനോദ് കെ ദാസരി പറഞ്ഞു.ഒപ്പം 250 മുതൽ 750 സി സി വരെ എൻജിൻ ശേഷിയുള്ള ഇടത്തരം ബൈക്ക് വിഭാഗത്തിലാവും റോയൽ എൻഫീൽഡ് ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും അദ്ദേഹം അറിയിച്ചു. ഈ വിഭാഗത്തിലാണു കമ്പനിക്കു ശക്തമായ സാന്നിധ്യമുള്ളത്; പുതിയ ഉൽപന്നങ്ങളിലൂടെ ഈ വിഭാഗത്തിലെ പ്രകടനം മെച്ചപ്പെടുത്താനാണു ശ്രമമെന്നും അദ്ദേഹം വിശദീകരിച്ചു.

 

അതേസമയം, വിദേശ വിപണികളിലെ പ്രകടനം മെച്ചപ്പെടുത്താൻ കമ്പനിക്കു സാധിച്ചതായും അദ്ദേഹം അവകാശപ്പെട്ടു. അർജന്റീനയിലെ അസംബ്ലിങ് ശാല പ്രവർത്തനം ആരംഭിച്ചു. 12 മാസത്തിനകം തായ്ലൻഡിലും അസംബ്ലിങ് സൗകര്യം പ്രവർത്തനക്ഷമമാക്കാനാവുമെന്നാണു പ്രതീക്ഷ. സമീപ ഭാവിയിൽ ബ്രസീലിലും പ്രാദേശിക അസംബ്ലിങ് തുടങ്ങുമെന്ന് അദ്ദേഹം അറിയിച്ചു.

Read more about:
EDITORS PICK