രണ്ടാം വരവില്‍ വില്‍പന 50,000 കടന്ന് ജാവ

Pavithra Janardhanan November 14, 2020

രണ്ടാം വരവില്‍ ജാവ മോട്ടോര്‍ സൈക്കിളുകളുടെ മൊത്തം വില്‍പന പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിച്ച ആദ്യ വര്‍ഷത്തിനകം തന്നെ അര ലക്ഷം യൂണിറ്റ് കവിഞ്ഞെന്നു നിര്‍മാതാക്കളായ ക്ലാസിക് ലെജന്‍ഡ്സ് വ്യക്തമാക്കി. കൊറോണ വൈറസ് വ്യാപനത്തെതുടര്‍ന്നുള്ള സുദീര്‍ഘമായ ലോക്ക്ഡൗണും മറ്റും പരിഗണിക്കുമ്ബോള്‍ തകര്‍പ്പന്‍ നേട്ടമാണിതെന്നാണ് കമ്ബനിയുടെ പക്ഷം.

2018 നവംബറില്‍ ജാവ മോഡലുകള്‍ പുറത്തിറങ്ങിയിരുന്നെങ്കിലും ബൈക്കുകള്‍ക്കായുള്ള ഡെലിവറികള്‍ ആരംഭിച്ചത് 2019 ഏപ്രിലിലാണ്. 2018 ല്‍ വില്‍പ്പനയ്ക്കെത്തുന്ന സമയത്ത് പ്രതിവര്‍ഷം 90,000 മോട്ടോര്‍സൈക്കിളുകള്‍ അല്ലെങ്കില്‍ പ്രതിമാസം 7,500 യൂണിറ്റുകള്‍ വില്‍ക്കാനാണ് ജാവ ലക്ഷ്യമിട്ടിരുന്നത്. 2020 ഡിസംബറോടെ ഡീലര്‍ഷിപ്പുകളുടെ എണ്ണം 205 ആയി ഉയര്‍ത്തുമെന്ന് ജാവ മുമ്ബ് പ്രഖ്യാപിച്ചിരുന്നു. നിലവില്‍ ഇന്ത്യയില്‍ 105 ഷോറൂമുകളുള്ള കമ്ബനി ലോക്ക്ഡൗണിന് ശേഷം പുതിയ 58 ഡീലര്‍ഷിപ്പുകള്‍ കൂടി തുടങ്ങിയിരുന്നു. പെറാക്കിന്റെ 2000 യൂണിറ്റുകള്‍ കഴിഞ്ഞ മാസം ഡെലിവറി നടത്തി. ഇതോടെ ബ്രാന്‍ഡിന്റെ നിരയില്‍ നിന്നും ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ജാവ മോട്ടോര്‍സൈക്കിളായി ഇത് മാറി.

അടുത്തകാലത്തു മാത്രം പ്രവര്‍ത്തനം ആരംഭിച്ച കമ്ബനിയെന്ന നിലയില്‍ ‘ജാവ’ ശ്രേണിയില്‍ അവതരിപ്പിച്ച മൂന്നു മോഡലുകളുടെയും ഉല്‍പ്പാദനം ഉയര്‍ത്താനും മികച്ച വില്‍പ്പന, വില്‍പ്പനാന്തര സേവന ശൃംഖല സ്ഥാപിക്കാനുമൊക്കെയുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും ക്ലാസിക് ലെജന്‍ഡ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ ആശിഷ് സിങ് ജോഷി അഭിപ്രായപ്പെട്ടു. ജാവ മോട്ടോര്‍ സൈക്കിളുകള്‍ക്ക് രാജ്യാന്തരതലത്തിലുള്ള വിപണന സാധ്യതകള്‍ പരിഗണിച്ചു നേപ്പാളിലേക്കും യൂറോപ്യന്‍ രാജ്യങ്ങളിലേക്കുമുള്ള കയറ്റുമതി ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. നിലവില്‍ ജാവ, ജാവ ഫോര്‍ട്ടി ടു, പെരെക് എന്നീ മൂന്നു ബൈക്കുകളാണു ജാവ ശ്രേണിയിലുള്ളത്.

Read more about:
EDITORS PICK