മുഖ സൗന്ദര്യ സംരക്ഷണം തലവേദനയായോ? ഇതാ ഈ ആപ്പിളിലുണ്ട് പരിഹാരം

Pavithra Janardhanan November 18, 2020

പാർശ്വഫലങ്ങൾ ഒട്ടും ഇല്ലാത്ത സൗന്ദര്യ സംരക്ഷണ മാർഗ്ഗങ്ങളാണ് എല്ലാവർക്കും വേണ്ടത്. അത്തരത്തിലൊരു മാർഗ്ഗമാണ് ഇന്ന് ഞങ്ങൾ പരിചയപ്പെടുത്തുന്നത്. ദിവസവും ഒരു ആപ്പിൾ വീതം കഴിക്കൂ, ഡോക്ടറെ അകറ്റി നിർത്തൂ’ എന്നുള്ള പ്രശസ്തമായ പഴംചൊല്ല് നമ്മൾ എല്ലാവരും കേട്ടിട്ടുള്ളതാണല്ലോ. വൈറ്റമിൻ സി, വൈറ്റമിൻ എ, കോപ്പർ എന്നിങ്ങനെ ചർമ്മത്തിന് ഗുണകരമായ പോഷകങ്ങളാൽ സമ്പുഷ്ടമാണ് ആപ്പിൾ. ആപ്പിളിൽ അടങ്ങിയിട്ടുള്ള വൈറ്റമിൻ സി ചർമ്മത്തിലെ കൊളാജന്റെ സാന്നിധ്യം പുനഃസ്ഥാപിക്കുവാൻ സഹായിക്കുന്നു. കൊളാജൻ ചർമ്മത്തിന് വഴക്കം നൽകുകയും, ചുളിവുകൾ അകറ്റി നിർത്തുകയും ചെയ്യുന്നു.

ആപ്പിളിൽ അടങ്ങിയിട്ടുള്ള കോപ്പറിന്റെ അംശം ചർമ്മത്തിന് നിറം പകരുവാൻ കാരണമാകുന്ന മെലാനിൻ ഉത്പാദിപ്പിക്കുവാൻ സഹായിക്കുന്നു. മാത്രമല്ല, നിങ്ങൾക്കറിയാമോ? ചർമ്മത്തിൽ അടങ്ങിയിട്ടുള്ള മെലാനിൻ ചർമ്മത്തെ സൂര്യന്റെ മാരകമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് സംരക്ഷിച്ച്, ഒരു സൺസ്‌ക്രീൻ എന്ന പോലെ ചർമ്മത്തിൽ പ്രവർത്തിക്കുന്നു. വൈറ്റമിൻ എ കേടായ ചർമ്മ കോശങ്ങൾ പുനർനിർമ്മിക്കുവാനും പുതിയ കോശങ്ങളുടെ വളർച്ച സുഗമമാക്കുവാനും സഹായിക്കുന്നു.

ആപ്പിൾ ഉപയോഗിച്ചുള്ള ഒട്ടുമിക്ക ഫേയ്‌സ് പാക്കുകൾ തയ്യാറാക്കുവാനും നമ്മൾ ഇടത്തരം വലുപ്പമുള്ള ആപ്പിളുകൾ അരച്ചെടുത്താണ് ഉപയോഗിക്കുക. മുറിച്ച് വച്ചിട്ട് ഒരുപാട് നേരമായ ആപ്പിളുകൾ ഫേയ്‌സ് പാക്ക് തയ്യാറാക്കുവാനായി ഉപയോഗിക്കരുത്. കാരണം, ഇവയുടെ നിറം തവിട്ട് നിറത്തിലേക്ക് മാറുകയും, ഓക്സിഡൈസ് ആവുകയും ചെയ്യുന്നു.

ഒരു ടീസ്പൂൺ പേസ്റ്റ് രൂപത്തിലാക്കിയ ആപ്പിൾ ഒരു പാത്രത്തിൽ എടുക്കുക. ഇതിലേക്ക്, ഒരു ടീസ്പൂൺ തൈര്, ഒരു ടീസ്പൂൺ നാരങ്ങാനീര് എന്നിവ ചേർക്കുക. ഇവയെല്ലാം നന്നായി യോജിപ്പിച്ച്, കട്ടിയുള്ള കുഴമ്പ് പരുവമാക്കുക. ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് മുഴുവൻ തേച്ച് പിടിപ്പിച്ച് 15 മിനിറ്റു നേരം വയ്ക്കുക. ശേഷം, തണുത്ത വെള്ളത്തിൽ മുഖം കഴുകുക. തൈരിൽ അടങ്ങിയിട്ടുള്ള ലാക്റ്റിക്ക് ആസിഡ് ചർമ്മത്തിലെ ജലാംശം നിലനിർത്തുവാനും ചർമ്മത്തിന്റെ തിളക്കം വർദ്ധിപ്പിക്കുവാനും നിങ്ങളെ സഹായിക്കുന്നു. കൂടാതെ, മുഖത്തെ കൂടുതലുള്ള എണ്ണമയം വലിച്ചെടുക്കുവാനും ഇതിന് സാധിക്കുന്നതിനാൽ, ഇവ എണ്ണമയം കൂടുതലുള്ള ചർമ്മത്തിന് ഉത്തമമാണ്.

ഒരു ടീസ്പൂൺ അരച്ചെടുത്ത ആപ്പിൾ ഒരു പാത്രത്തിൽ എടുത്ത് അതിലേക്ക് കുറച്ചു തുള്ളി ഗ്ലിസറിൻ ചേർക്കുക. ഇത് കുഴമ്പ് പരുവത്തിൽ നന്നായി യോജിപ്പിച്ച ശേഷം മുഖത്ത് പുരട്ടുക. ഇത് ചർമ്മം വലിച്ചെടുക്കുന്നതിനായി 20 മിനിറ്റു നേരം വയ്ക്കുക. ശേഷം ഇളം ചൂടുള്ള വെള്ളത്തിൽ മുഖം കഴുകുക. ആഴ്ചയിൽ ഒരു തവണയെങ്കിലും ഇത് ഉപയോഗിച്ചാൽ നിങ്ങളുടെ വരണ്ട ചർമ്മത്തിന് മികച്ച രീതിയിൽ പരിഹാരം കണ്ടെത്താൻ കഴിയും.

ആപ്പിളും തേനും ചർമ്മതിനായുള്ള പല ക്രീമുകളും ഫേയ്‌സ് വാഷുകളിലും ഫേയ്‌സ് പാക്കുകളിലും പ്രധാന ചേരുവകളായി ഉപയോഗിച്ച് വരുന്നു. ഈ ഫേയ്‌സ് പാക്ക് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നമുക്ക് നോക്കാം. ഒരു ടീസ്പൂൺ ആപ്പിൾ അരച്ചത് ഒരു പാത്രത്തിൽ എടുത്ത്, അതിലേക്ക് അര ടീസ്പൂൺ തേൻ കൂടി ചേർക്കുക. ഇത് നന്നായി യോജിപ്പിച്ച ശേഷം, ഈ മിശ്രിതം മുഖത്ത് എല്ലായിടത്തും തേച്ച് പിടിപ്പിക്കുക. ഇത് 15 മിനിറ്റു നേരം വച്ചതിനു ശേഷം ഇളം ചൂടുള്ള വെള്ളത്തിൽ കഴുകി കളയുക. നിങ്ങൾക്ക് മൃദുലവും മിനുസവും ഉള്ള ചർമ്മം ലഭിക്കുന്നതാണ്.

Tags: ,
Read more about:
EDITORS PICK