കൊല്ലത്തെ ആശയുടെ മരണത്തില്‍ വഴിത്തിരിവ്; ആട് ഇടിച്ചിട്ടതല്ല, അടിവയറ്റില്‍ ചവിട്ടിയതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്, നാടകത്തിനൊടുവില്‍ ഭര്‍ത്താവ് അരുണ്‍ദാസ് അറസ്റ്റില്‍

Pavithra Janardhanan November 30, 2020

മരണത്തിനു തൊട്ടു മുന്‍പ് യുവതി പറഞ്ഞ കാര്യം നിര്‍ണായകമായി. കൊല്ലം ഓയൂരില്‍ യുവതി മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി. കരിക്കം അഭിലാഷ് ഭവനില്‍ ജോര്‍ജിന്റെ മകള്‍ ആശ (29) യുടെ മരണത്തില്‍ ഭര്‍ത്താവ് ഓടനാവട്ടം വാപ്പാല പള്ളിമേലതില്‍ വീട്ടില്‍ അരുണ്‍ (36) ആണ് അറസ്റ്റിലായത്. ‘എന്നെ ഇടിച്ചിട്ടത് ആടല്ല’ എന്ന് മരണത്തിനു തൊട്ടു മുന്‍പ് ആശ മാതാപിതാക്കളോട് പറഞ്ഞതാണ് പ്രതിയെ കുടുക്കിയത്.

വീടിനു സമീപത്തെ പാറമുകളില്‍ തീറ്റയ്ക്കായി കൊണ്ടുപോയ ആട് ആശയെ ഇടിച്ചിട്ടെന്നാണു ഭര്‍ത്താവ് ബന്ധുക്കളെ അറിയിച്ചിരുന്നത്.

പൊലീസ് പറയുന്നത്: മദ്യപിച്ചെത്തിയ അരുണ്‍ ഒക്ടോബര്‍ 31ന് ആശയുമായി വഴക്കിട്ടു. അരുണ്‍ വയറ്റില്‍ ചവിട്ടിയതോടെ ആശ അബോധാവസ്ഥയിലായി. ഈ മാസം രണ്ടിനു കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പിന്നീടു കൊല്ലം ജില്ലാ ആശുപത്രിയിലും എത്തിച്ചു.

സ്ഥിതി വഷളായതോടെ മീയ്യണ്ണൂരിലെ ആശുപത്രിയിലേക്കു മാറ്റി. ഇവിടെ ചികിത്സയിലിരിക്കെയാണ് ആശ മരിച്ചത്. ആട് ഇടിച്ചിട്ടെന്ന കഥ അരുണ്‍ ആശുപത്രിയിലും ആവര്‍ത്തിച്ചിരുന്നു.

എന്നാല്‍ രണ്ടു മക്കളെയും അരുണിന്റെ മാതാവിനെയും പൊലീസ് ചോദ്യം ചെയ്തതോടെ മൊഴികളിലെ വൈരുധ്യം വ്യക്തമായി. തുടര്‍ന്നാണു പോസ്റ്റ്മോര്‍ട്ടം നടത്തിയത്. പാറയുടെ മുകളില്‍ നിന്നു വീണാല്‍ ശരീരം മുഴുവന്‍ മുറിവുകളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തിലായിരുന്നു പൊലീസ്.

പോസ്റ്റ്മോര്‍ട്ടത്തില്‍ ആശയുടെ ശരീരത്തില്‍ 7 മുറിവുകളാണു കണ്ടെത്തിയത്. ഇവയില്‍ മിക്കതും ഉണങ്ങിയിരുന്നു. മരണകാരണം അടിവയറ്റിനേറ്റ ചവിട്ടാണെന്നും ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

Tags: ,
Read more about:
EDITORS PICK