ഇന്ന് മുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തരെ ദര്‍ശനത്തിന് നാലമ്പലത്തിലേക്ക് പ്രവേശിപ്പിച്ചു തുടങ്ങി.കോവിഡ് വ്യാപനത്തെ തുടർന്ന് മാര്‍ച്ചില്‍ ലോക്ഡൗണ്‍ തുടങ്ങിയതിന് ശേഷം ആദ്യമായാണ് ഭക്തരെ നാലമ്പലത്തിലേക്ക് പ്രവേശിപ്പിക്കുന്നത്. വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തുവരുന്ന 4000 പേര്‍ക്കാണ് ദര്‍ശനത്തിന് അനുമതി. നേരത്തേ ഇത് 1500 ആയിരുന്നു. പുലര്‍ച്ച 4.30 മുതല്‍ 5.30 വരെയും രാവിലെ 9.30 മുതല്‍ ഉച്ചക്ക് 1.30 വരെയും വൈകീട്ട് അഞ്ച് മുതല്‍ 6.30 വരെയും 7.30 മുതല്‍ 8.30 വരെയുമാണ് ദര്‍ശനം.
ഗുരുവായൂര്‍ നഗരസഭക്കകത്തെ സ്ഥിര താമസക്കാര്‍, ദേവസ്വം ജീവനക്കാര്‍, പെന്‍ഷന്‍കാര്‍, അവരുടെ കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ക്ക് പുലര്‍ച്ച 4.30 മുതല്‍ രാവിലെ 8.30 വരെയാണ് ദര്‍ശനം. തുലാഭാരം വഴിപാടിനും കൂടുതല്‍ സൗകര്യം ഉണ്ടാകും. ദീപസ്തംഭത്തിന് സമീപത്തുനിന്ന് ദര്‍ശനം നടത്താനുള്ള അനുമതി തുടരും. പ്രതിദിനം 60 വിവാഹങ്ങള്‍ എന്നത് 100 ആക്കിയിട്ടുണ്ട്. നവംബര്‍ 25നായിരുന്നു ഗുരുവായൂര്‍ ഏകാദശി. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ദശമി, ഏകാദശി ദിവസങ്ങളില്‍ 3000 പേര്‍ക്ക് മാത്രമാണ് ദര്‍ശന അനുമതി നല്‍കിയത്. ഇതിനായി ഓണ്‍ലൈന്‍ വഴിയായിരുന്നു ബുക്കിങ്.