ഗാംഗുലിക്ക് ഹൃദയാഘാതം, ഗാംഗുലി അഭിനയിച്ച പാചക ഓയിലിന്റെ പരസ്യം പിന്‍വലിച്ചു

Pavithra Janardhanan January 5, 2021

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബി.സി.സി.ഐ പ്രസിഡന്‍റുമായ സൗരവ് ഗാംഗുലിക്ക് ഹൃദയാഘാതം ഉണ്ടായതിനെതുടര്‍ന്ന് സമൂഹമാധ്യമത്തില്‍ വന്‍ വിമര്‍ശനവും പരിഹാസവും നേരിട്ട പാചക ഓയിലിന്‍റെ പരസ്യം പിന്‍വലിച്ചു.

ഹൃദയത്തെ ആരോഗ്യപരമായി നിലനിര്‍ത്തുന്ന ഒന്നായി ഓയില്‍ അവതരിപ്പിക്കപ്പെടുന്ന പരസ്യം ഗാംഗുലി കഴിഞ്ഞ ദിവസ്സം ഹൃദയാഘാതം മൂലം ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടതിനെ തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പരിഹസിക്കപ്പെട്ടിരുന്നു.ഇന്ത്യ മുഴുവന്‍ വില്‍ക്കപ്പെടുന്ന ഒരു പ്രമുഖ കുക്കിങ് ഓയിലിന്റെ പരസ്യത്തിലാണ് ഗാംഗുലി അഭിനയിച്ചത്. അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള ഉത്പന്നമാണിത്.

നിരവധി ട്രോളുകളാണ് പുറത്തുവന്നത്. ഒയില്‍ വാങ്ങാന്‍ ജനങ്ങളെ ഉപദേശിക്കുന്ന ആളുടെ ഹൃദ‍യം പോലും ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ കമ്ബനിക്ക് കഴിഞ്ഞില്ലല്ലോ എന്നുള്ള ചോദ്യങ്ങളാണ് സമൂഹമാധ്യമത്തില്‍ ഉയരുന്നത്. വിമര്‍ശനം ശക്തമായതോടെയാണ് ഓയിലിന്‍റെ പരസ്യം പിന്‍വലിക്കാന്‍  തീരുമാനിച്ചത്.

48 കാരനായ ഗാംഗുലിയെ ശനിയാഴ്ച ആന്ജിയോപ്ലാസ്‌റ്റിക്ക് വിധേയമാക്കിയിരുന്നു. ആരോഗ്യനില വീണ്ടെടുത്ത അദ്ദേഹത്തെ ബുധനാഴ്ച ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു

Read more about:
EDITORS PICK