പാഴാക്കി കളയല്ലേ കഞ്ഞിവെള്ളം

Pavithra Janardhanan January 8, 2021

ആരോഗ്യം സംരക്ഷിക്കാന്‍ എനര്‍ജി ഡ്രിങ്കുകള്‍ ഉപയോഗിക്കുന്നവരാണ് പുതുതലമുറ. പരസ്യങ്ങളുടെ സ്വാധീനമാണ് പലപ്പോഴും ഇത്തരം പാനീയങ്ങള്‍ കുടിക്കാന്‍ യുവാക്കളെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ നമ്മുടെ വീട്ടിലുള്ള ഏറ്റവും നല്ല ഒരു എനര്‍ജി ഡ്രിങ്ക് ഒഴിവാക്കിയാണ് നമ്മള്‍ ഇത്തരം കൃത്രിമ പാനീയങ്ങളിലേക്ക് എത്തുന്നത് എന്നാണ് സത്യം.നമ്മള്‍ പലപ്പോഴും അശ്രദ്ധമായി ഒഴിവാക്കുന്ന കഞ്ഞിവെള്ളത്തെ കുറിച്ചാണ് പറഞ്ഞു വരുന്നത്. നമ്മുടെ നാട്ടില്‍ പരമ്ബരാഗതമായി ഉപയോഗിച്ചു വരുന്ന എനര്‍ജി ഡ്രിങ്കാണ് കഞ്ഞിവെള്ളം. എന്നാല്‍ പുതുതലമുറ കഞ്ഞിവെള്ളം കുടിക്കുന്നത് ഒരു മോശമായാണ് കാണുന്നത്. പലവിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഉത്തമപ്രതിവിധയാണ് കഞ്ഞിവെള്ളം.

ചർമ്മം സുന്ദരമാക്കാനും മുഖക്കുരു പ്രതിരോധിക്കാനും കഴുത്തിലെ കറുപ്പ് നിറം അകറ്റാനും മുടി കൂടുതൽ സുന്ദരമാക്കാനുമൊക്കെ ഈ കഞ്ഞിവെള്ളം മാത്രം മതി.അമിനോ ആസിഡ്, പ്രോട്ടീൻ, കാർബോഹൈഡ്രേറ്റുകൾ തുടങ്ങിയവകൊണ്ട് സമ്പുഷ്ടമാണ് കഞ്ഞിവെള്ളം. പ്രധാനമായും ക്ഷീണമകറ്റാനാണ് മിക്കവരും ഉപ്പിട്ട കഞ്ഞിവെള്ളം കുടിക്കുന്നത്. ക്ഷീണിച്ചിരിക്കുമ്പോഴോ പനി പിടിച്ച് അവശരായിരിക്കുമ്പോഴോ ഒക്കെ പലരും ചൂട് കഞ്ഞിവെള്ളത്തിൽ ഉപ്പിട്ട് കുടിക്കുന്നത് കണ്ടിട്ടില്ലേ? അത് നൽകുന്ന സുഖം ഒന്ന് വേറെ തന്നെ എന്ന കാര്യത്തിൽ സംശയമില്ല.ഉപ്പിട്ട കഞ്ഞിവെള്ളം കുടിക്കുന്നത് വയറിളക്കം ബാധിച്ചവർക്കും നല്ലത് തന്നെ. വയറിളക്കമുള്ളയാൾക്ക് മറ്റൊരു ഭക്ഷണവും നൽകിയില്ലെങ്കിലും ഇടിയ്ക്കിടക്ക് ഉപ്പിട്ട കഞ്ഞിവെള്ളം നൽകിയാൽ മതിയാകും. ക്ഷീണമകറ്റി വയറിളക്കത്തിന് ആശ്വാസം തരാൻ ഇതിനു കഴിയും.ആമാശയത്തിനും കുടലിനും ഉണ്ടാകുന്ന വീക്കം തടയാനും കഞ്ഞിവെള്ളം ഇടക്കിടക്ക് കുടിച്ചാൽ മതി. കഞ്ഞിവെള്ളം സ്ഥിരമായി കുടിക്കുന്നത് മലബന്ധമകറ്റാൻ സഹായിക്കും. രാവിലെ വെറും വയറ്റിൽ കഞ്ഞിവെള്ളം കുടിക്കുന്നത് ദിവസം മുഴുവൻ ശരീരത്തിന് ഊർജ്ജം ലഭിക്കാൻ പറ്റിയ മാർഗ്ഗങ്ങളിലൊന്നാണ്.

Read more about:
EDITORS PICK