ട്രംപിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച്‌ ഇറാഖ് കോടതി

Pavithra Janardhanan January 8, 2021

യു എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് എതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച്‌ ബാഗ്ദാദ് കോടതി. കഴിഞ്ഞ വര്‍ഷം ഇറാഖിലെ അര്‍ദ്ധസൈനിക കമാന്‍ഡര്‍ അബു മഹ്ദി അല്‍ മുഹന്ദിസിനെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ഇത്.പീനല്‍ കോഡ് ആര്‍ട്ടിക്കിള്‍ 406 അനുസരിച്ചാണ് ട്രംപിന്റെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. അബു മഹ്ദി അല്‍ മുഹന്ദിയുടെ കുടുംബത്തില്‍ നിന്നുള്ള വ്യക്തിഗത അവകാശവാദികളുടെ മൊഴി ജഡ്ജി രേഖപ്പെടുത്തിയ ശേഷമാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

ഇറാഖിലെ പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്സിലെ ഡെപ്യൂട്ടി കമാന്‍ഡര്‍ ആയിരുന്നു അല്‍ – മുഹന്ദിസ്. 2020 ജനുവരി മൂന്നിന് ബാഗ്ദാദ് വിമാനത്താവളത്തിന് സമീപം ഉണ്ടായ യു എസ് ഡ്രോണ്‍ ആക്രമണത്തില്‍ ആയിരുന്നു അദ്ദേഹം കൊല്ലപ്പെട്ടത്. ഇതേ ഡ്രോണ്‍ ആക്രമണത്തില്‍ ആയിരുന്നു ഉന്നത ഇറാനിയന്‍ ജനറല്‍ ഖാസിം സുലൈമാനിയും കൊല്ലപ്പെട്ടത്. ട്രംപിന്റെ ഉത്തരവ് പ്രകാരമാണ് ആക്രമണം നടന്നതെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ആക്രമണത്തിനു ശേഷം ‘ഒന്നിന്റെ വിലയ്ക്ക് രണ്ടെണ്ണം’ – എന്ന രീതിയില്‍ ട്രംപ് വീമ്ബിളക്കുകയും ചെയ്തിരുന്നു. അതേസമയം, നിയമവിരുദ്ധമായ അല്ലെങ്കില്‍ ഏകപക്ഷീയമായ വധശിക്ഷകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിയോഗിക്കപ്പെട്ട യു എന്നിന്റെ ആഗ്നസ് കല്ലമാര്‍ഡ് ഇരട്ട കൊലപാതകങ്ങളെ ഏകപക്ഷീയവും നിയമവിരുദ്ധവും എന്നായിരുന്നു വിശേഷിപ്പിച്ചത്.

Read more about:
EDITORS PICK