ഡൊണാൾഡ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് എന്നന്നേക്കുമായി മരവിപ്പിച്ചതിനെതിരെ പ്രതികരിച്ച് ട്രംപ്.തന്നെ നിശബ്ദനാക്കാന്‍ കഴിയില്ലെന്നും ഡെമോക്രാറ്റുകളുമായി ചേര്‍ന്ന് ട്വിറ്റര്‍ ജീവനക്കാര്‍ അക്കൗണ്ട് നീക്കാന്‍ ഗൂഢോലാചന നടത്തുകയായിരുന്നു,തനിക്ക് ഏഴരക്കോടി ദേശസ്നേഹികള്‍ വോട്ട് ചെയ്തതായും ട്രംപ് വ്യക്തമാക്കി.അതേസമയം, ഡോണാള്‍ഡ് ട്രംപിന്റെ അടുത്തിടെയുളള ട്വീറ്റുകള്‍ സൂക്ഷ്മമായി നിരീക്ഷിച്ചതിന് ശേഷമാണ് അദ്ദേഹത്തിന്റെ അക്കൗണ്ട് എന്നന്നേക്കുമായി നീക്കം ചെയ്യാന്‍ തീരുമാനിച്ചതെന്ന് ട്വിറ്റര്‍ വ്യക്തമാക്കി.
ട്രംപിന്റെ ട്വീറ്റുകള്‍ അക്രമത്തിന് പ്രേരണ നല്‍കിയേക്കാവുന്നതാണ്. ഇത് അപകടമുണ്ടാക്കാനുള്ള കാരണമായിമാറുമെന്നതുകൊണ്ടാണ് അക്കൗണ്ട് മരവിപ്പിച്ചതെന്ന് ട്വിറ്റര്‍ വ്യക്തമാക്കി. ബുധനാഴ്ച കാപ്പിറ്റോള്‍ മന്ദിരത്തില്‍ നടന്ന ആക്രമണത്തിന് പിന്നാലെ ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ടിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് അക്കൗണ്ട് തിരികെ ലഭിച്ചെങ്കിലും ട്രംപിന്റെ വെള്ളിയാഴ്ചത്തെ രണ്ടുട്വീറ്റുകളുടെ പശ്ചാത്തലത്തിലാണ് അക്കൗണ്ട് എന്നന്നേക്കുമായി നീക്കം ചെയ്യാനുളള കടുത്ത തീരുമാനത്തില്‍ ട്വിറ്റര്‍ എത്തിച്ചേര്‍ന്നത്.