സംസ്ഥാനത്തെ തന്നെ ഏറ്റവും വാഹനത്തിരക്കേറിയ വൈറ്റില, കുണ്ടന്നൂര്‍ ജങ്ഷനുകളിലെ ഗതാഗതക്കുരുക്കഴിക്കാന്‍ നിര്‍മിച്ച മേല്‍പ്പാലങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന് നാടിനു സമര്‍പ്പിച്ചു.വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.രാവിലെ 9.30 നാണ് വൈറ്റില മേല്‍പ്പാലം ഗതാഗത്തിനു തുറന്നുകൊടുത്തത്. അതേസമയം കുണ്ടന്നൂര്‍ മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം പകല്‍ 11 നാണു. പാലത്തിനുസമീപം നടന്ന ചടങ്ങില്‍ മന്ത്രി ജി സുധാകരന് അധ്യക്ഷനായി. മന്ത്രി ടി എം തോമസ് ഐസക് മുഖ്യാതിഥിയായി.
ദേശീയപാത 66ലെയും കൊച്ചി നഗരത്തിലെയും ഗതാഗതക്കുരുക്കിനു ശാശ്വത പരിഹാരമാകുന്ന രണ്ടു പാലങ്ങളും എല്‍ഡിഎഫ് സര്‍ക്കാര്‍ 152.81 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് നിര്‍മിച്ചത്. എസ്റ്റിമേറ്റ് തുകയേക്കാള്‍ 15.02 കോടി രൂപ ലാഭിച്ചാണ് ഇരുവശങ്ങളിലും മൂന്നുവരിവീതം ഗതാഗതം സാധ്യമാക്കുന്ന ഏറ്റവും പുതിയ സാങ്കേതിക തികവോടെ പാലങ്ങള്‍ നിര്‍മിച്ചത്. ദേശീയപാത അതോറിറ്റിയില്‍നിന്നു നിര്‍മാണം ഏറ്റെടുത്തതുകൊണ്ട് ടോള്‍ പിരിവ് ഒഴിവാക്കാനും സംസ്ഥാന സര്‍ക്കാരിനു കഴിഞ്ഞു. ഫണ്ടില്ലെന്നു പറഞ്ഞ് മുന്‍ യുഡിഎഫ് സര്‍ക്കാര്‍ നീട്ടിക്കൊണ്ടുപോയ പദ്ധതിയാണ് പിണറായി സര്‍ക്കാര്‍ നിശ്ചിത സമയത്തിനുള്ളില്‍ പുര്‍ത്തിയാക്കിയത്.
മണിക്കൂറില്‍ പതിനയ്യായിരത്തിലധികം വാഹനങ്ങള്‍ കടന്നുപോകുന്ന വൈറ്റില, കുണ്ടന്നൂര്‍ ജങ്ഷനുകളില്‍ പകല്‍സമയങ്ങളില്‍ മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്കായിരുന്നു. വൈറ്റില മേല്‍പ്പാലം യാഥാര്‍ഥ്യമായതോടെ ദേശീയപാത 66ല്‍ ആലുവ, ആലപ്പുഴ ഭാഗത്തേക്കുള്ള യാത്രക്കാര്‍ക്കു മാത്രമല്ല എറണാകുളം നഗരത്തിലേക്കും തൃപ്പൂണിത്തുറ ഭാഗത്തേക്കും വൈറ്റില ഹബ്ബിലേക്കുമുള്ള യാത്ര എളുപ്പമാകും.
പതിനൊന്ന് മണിക്ക് കുണ്ടന്നൂര്‍ പാലം ഉദ്ഘാടനം ചെയ്യും. കുണ്ടന്നൂര്‍ ഫ്ളൈ ഓവറിന് സമീപം നടക്കുന്ന ചടങ്ങില്‍ ഹൈബി ഈഡന് എം.പി, എം.എല്‍.എമാരായ എം. സ്വരാജ്, പി.ടി. തോമസ്, എസ്. ശര്‍മ, ജോണ്‍ ഫെര്‍ണാണ്ടസ്, മുന്‍ എം.പിമാരായ പി. രാജീവ്, കെ.വി. തോമസ്, മരട് മുന്‍സിപ്പല്‍ ചെയര്മാന് ആന്റണി ആശാന്പറമ്ബില്, കളക്ടര്‍ എസ്. സുഹാസ്, കൗണ്‍സിലര്‍മാരായ സി.വി. സന്തോഷ്, സി.ആര്. ഷാനവാസ്, സിബി, ആര്.ബി.ഡി.സി.കെ എം.ഡി ജാഫര്‍ മാലിക് എന്നിവര്‍ പങ്കെടുക്കും.