ലൈംഗിക കുറ്റകൃത്യങ്ങള്‍ അടക്കം ചുമത്തി, മതപ്രഭാഷകന് തടവുശിക്ഷ 1075 വര്‍ഷം

Pavithra Janardhanan January 12, 2021

ലൈംഗിക കുറ്റകൃത്യങ്ങള്‍അടക്കം ചുമത്തി തുര്‍ക്കി ടെലിവിഷന്‍ മതപ്രഭാഷകനായ അദ്നാന്‍ ഒക്തറിനു 1075 വര്‍ഷം തടവുശിക്ഷ വിധിച്ച്‌ കോടതി. 64കാരനായ അദ്നാന്‍ ഉള്‍പ്പെടെ ഇയാളുടെ സംഘടനയിലുള്‍പ്പെട്ട ഇരുന്നൂറിലധികം പേരെ രണ്ട് വര്‍ഷങ്ങള്‍ക്ക് മുൻപാണ് ഇസ്താംബുള്‍ പൊലീസിന്‍റെ സാമ്പത്തിക കുറ്റകൃത്യയൂണിറ്റിന്‍റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തത്. ഇതില്‍ 236 പേര്‍ക്കെതിരെ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. 78 പേരുടെ വിചാരണ ആരംഭിച്ചിട്ടില്ല. സെപ്റ്റംബര്‍ 2019ന് ആരംഭിച്ച വിചാരണയില്‍ ഇവരില്‍ പലരും നിരപരാധികളാണെന്ന് തെളിഞ്ഞുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ലൈംഗിക പീഡനം, കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം, തട്ടിപ്പ്, രാഷ്ട്രീയ-സൈനിക അട്ടിമറി ശ്രമം തുടങ്ങി വിവിധ കുറ്റങ്ങള്‍ക്കാണ് ആയിരത്തിലധികം വര്‍ഷം ശിക്ഷ എന്നാണ് സ്വകാര്യ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.മാസങ്ങളോളം നീണ്ടുനിന്ന വിചാരണയില്‍ ഭയാനകവും വേദനാജനകവുമായ ലൈംഗിക കുറ്റകൃത്യങ്ങളുടെ വിശദാംശങ്ങളാണ് കോടതി കേട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ത്രീകളോടുള്ള സ്നേഹം തന്നില്‍ നിറഞ്ഞു കവിയുകയാണെന്ന് കോടതിയില്‍ പറഞ്ഞ ഒക്തര്‍, തനിക്ക് ആയിരത്തോളം കാമുകിമാര്‍ ഉണ്ടായിരുന്നുവെന്നും അറിയിച്ചിരുന്നു.

വിചാരണയ്ക്കിടെ നിരവധി ആരോപണങ്ങള്‍ ഒക്തറിനെതിരെ ഉയര്‍ന്നിരിന്നു. ഒക്തര്‍ താന്‍ ഉള്‍പ്പെടെ നിരവധി സ്ത്രീകളെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് ഒരു സ്ത്രീ നല്‍കിയ മൊഴി. ഇയാള്‍ ബലാത്സംഗം ചെയ്ത സ്ത്രീകളില്‍ പലരെയും നിര്‍ബന്ധപൂര്‍വം ഗര്‍ഭനിരോധന ഗുളികകള്‍ കഴിപ്പിക്കുമായിരുന്നുവെന്നും ഇവര്‍ ആരോപിച്ചു. ഒക്തറിന്‍റെ വീട്ടിലെ റെയ്ഡില്‍ പൊലീസ് കണ്ടെത്തിയ എഴുപതിനായിരത്തോളം ഗര്‍ഭനിരോധന ഗുളികകള്‍ ഈ വാദം ശരിവയ്ക്കുന്നതായിരുന്നു.

Tags:
Read more about:
EDITORS PICK