സംസ്ഥാനത്ത് ആദ്യഘട്ട കൊവിഡ് വാക്‌സിന്‍ ഇന്നെത്തും

Pavithra Janardhanan January 13, 2021

സംസ്ഥാനത്ത് ആദ്യഘട്ട കൊവിഡ് വാക്‌സിന്‍ ഇന്നെത്തും. വാക്‌സിനുമായെത്തുന്ന വിമാനം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് നെടുമ്ബാശേരി എയര്‍പോര്‍ട്ടിലെത്തും. നെടുമ്ബാശ്ശേരിയിലെത്തുന്ന ആദ്യ ബാച്ച്‌ വാക്‌സിന്‍ ജില്ലാ കലക്ടറുടെയും ഉന്നത ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ ഏറ്റുവാങ്ങും. കൊച്ചിയില്‍ നിന്നും എറണാകുളം, കോട്ടയം, ഇടുക്കി, പാലക്കാട്, തൃശൂര്‍ എന്നീ ജില്ലകളിലെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലാണ് എത്തിക്കുക. വൈകിട്ട് ആറുമണിക്ക് തിരുവനന്തപുരത്തും വാക്‌സിനുമായി വിമാനം എത്തും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ റീജിയണല്‍ വാക്‌സിന്‍ സ്‌റ്റോറുകളിലാണ് വാക്‌സിന്‍ എത്തിക്കുക. തിരുവനന്തപുരത്ത് 1,34,000 ഡോസും എറണാകുളത്ത് 1,80,000 ഡോസും കോഴിക്കോട്ട് 1,19,500 ഡോസും വാക്‌സിനുകളാണ് എത്തിക്കുന്നത്.

കോഴിക്കോട് വരുന്ന വാക്‌സിനില്‍ നിന്നും 1,100 ഡോസ് വാക്‌സിനുകള്‍ മാഹിയില്‍ വിതരണം ചെയ്യും. വാക്‌സിന്‍ എത്തിയാല്‍ നിശ്ചയിക്കപ്പെട്ട കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിന് പ്രത്യേക സംവിധാനങ്ങള്‍ സംസ്ഥാന ആരോഗ്യ വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണത്തിന് ഇന്നലെയാണ് തുടക്കമായത്.

Read more about:
EDITORS PICK