യു.എ.ഇയില്‍ 19 വാഹനങ്ങള്‍ കൂട്ടിയിടിച്ചു,ഒരു മരണം, എട്ടു പേര്‍ക്ക് പരിക്ക്

Pavithra Janardhanan January 19, 2021

ശക്തമായ മൂടല്‍മഞ്ഞിനെ തുടര്‍ന്ന് യു.എ.ഇയില്‍ 19 വാഹനങ്ങള്‍ കൂട്ടിയിടി ച്ച് ഉണ്ടായ അപകടത്തിൽ ഒരാള്‍ മരിക്കുകയും എട്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മഞ്ഞില്‍ കാഴ്ച മറഞ്ഞതിനെ തുടര്‍ന്ന് ആണ് അപകടം.അല്‍ മഫ്രാക്ക് പ്രവിശ്യയിലാണ് അപകടമുണ്ടായതെന്ന് അബുദാബി പൊലീസിനെ ഉദ്ധരിച്ച്‌ ‘ഗള്‍ഫ് ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു.

മിനി വാന്‍ ഡ്രൈവറായിരുന്ന ഏഷ്യക്കാരനാണ് അപകടത്തില്‍ മരിച്ചത്. കൂട്ടിയിടിച്ച വാഹനങ്ങളിലെ എട്ട് ഡ്രൈവര്‍മാര്‍ക്കാണ് പരിക്കേറ്റതെന്നും പൊലീസ് അറിയിച്ചു.രാജ്യത്തെ ഭൂരിഭാഗം പ്രദേശങ്ങളിലും മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ചൊവ്വാഴ്ച യാത്ര ദുഷ്ക്കരമായിരുന്ന‌െന്നാണ് റിപ്പോര്‍ട്ട്.

മൂടല്‍മഞ്ഞ് സമയത്ത് വേഗപരിധി മണിക്കൂറില്‍ 80 കിലോമീറ്ററായി കുറച്ചതായി പൊലീസ് നേരത്തെ അറിയിച്ചിരുന്നു. വാഹനമോടിക്കുന്നവര്‍ മുന്നിലുള്ള വാഹനത്തില്‍ നിന്നും സുരക്ഷിതമായ അകലം പാലിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Read more about:
EDITORS PICK