98-ാം വയസില്‍ കോവിഡിനെ തോല്‍പ്പിച്ച നടന് ഉണ്ണികൃഷ്ണന് നമ്പൂതിരി അന്തരിച്ചു. പയ്യന്നൂരിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് ബാധിച്ച് അദ്ദേഹം ഒരാഴ്ചയിലധികം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് കോവിഡ് നെഗറ്റീവായി വീട്ടിലേക്ക് മടങ്ങിയിരുന്നു.
1922 ഒക്ടോബർ 25 ന് കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ കോറം പുല്ലേരി വാദ്ധ്യാരില്ലത്ത് നാരായണ വാദ്ധ്യാരുടെയും ദേവകി അന്തർജ്ജനത്തിന്റെയും മകനായി ജനിച്ചു. പയ്യന്നൂർ ബോയ്സ് ഹൈസ്ക്കൂളിലായിരുന്നു ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ പ്രാഥമിക വിദ്യാഭ്യാസം.
ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി തന്റെ 76-ആം വയസ്സിലാണ് സിനിമയിലഭിനയിയ്ക്കുന്നത്. 1996 ൽ ജയരാജ് സംവിധാനം ചെയ്ത ദേശാടനം എന്ന സിനിമയിലായിരുന്നു അദ്ദേഹം ആദ്യമായി അഭിനയിച്ചത്.ആ സിനിമയിലെ അദ്ദേഹത്തിന്റെ വേഷം വലിയതോതിൽ പ്രേക്ഷക പ്രീതിനേടി. തുടർന്ന് ഒരാൾ മാത്രം, കൈക്കുടന്ന നിലാവ്, ഗർഷോം, കല്യാണരാമൻ… എന്നിവയുൾപ്പെടെ പന്ത്രണ്ടോളം മലയാള ചിത്രങ്ങളിൽ അദേഹം അഭിനയിച്ചു.കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ഭാര്യാപിതാവാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരി.
ഭാവാഭിനയ പ്രധാനമായ റോളുകളില്‍ തിളങ്ങിയിരുന്ന നടനായിരുന്നു ഉണ്ണികൃഷ്ണന് നമ്പൂതിരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പ്രായത്തെ കടന്നു നില്ക്കുന്ന അഭിനയ താൽപര്യവും ആത്മവിശ്വാസവും അദ്ദേഹത്തെ ചലച്ചിത്രരംഗത്തെ വേറിട്ട വ്യക്തിത്വത്തിന് ഉടമയാക്കി. എന്നും ഇടതുപക്ഷ സഹയാത്രികനായിരുന്ന അദ്ദേഹം സിപിഎമ്മിനോട് ആത്മബന്ധം പുലര്‍ത്തി. കലാലോകത്തിനു വലിയ നഷ്ടമാണ് ഈ വേര്‍പാട്. തനിക്ക് വ്യക്തിപരമായും ഇതൊരു നഷ്ടമാണ്. സാംസ്കാരിക രംഗത്ത് ഉണ്ണികൃഷ്ണന് നമ്പൂതിരിയുടെ വിയോഗംമൂലമുണ്ടായ വിടവ് എളുപ്പം നികത്താനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.