അമേരിക്കയില്‍ ഇന്ന് അധികാര കൈമാറ്റം, ജോ ബൈഡനും കമല ഹാരിസും ഇന്ന് അധികാരമേൽക്കും

Pavithra Janardhanan January 20, 2021

അമേരിക്കയുടെ 46ാം പ്രസിഡന്റായി ജോ ബൈഡനും 49ാം വൈസ് പ്രസിഡന്റായി കമല ഹാരിസും ഇന്ന് അധികാരമേല്‍ക്കും. ഇന്ത്യന്‍ സമയം രാത്രി 10.30നാണ് സത്യപ്രതിജ്ഞ. ഏറ്റവും ഉയര്‍ന്ന പ്രായത്തില്‍ അധികാരമേല്‍ക്കുന്ന യുഎസ് പ്രസിഡന്റാണ് 78കാരനായ ബൈഡന്‍. വൈസ് പ്രസിഡന്റ് പദത്തിലെത്തുന്ന ആദ്യ വനിതയാണ് 56കാരിയായ ഇന്ത്യന്‍ വംശജ കമല ഹാരിസ്.

പുതിയ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്, വൻ ജനക്കൂട്ടത്തിന്റെ സാന്നിധ്യത്തിൽ യുഎസിൽ ആഘോഷമായി നടക്കുകയാണ് പതിവ്. ഇത്തവണ വെറും 1000 പേർ മാത്രം പങ്കെടുക്കുന്നതായിരിക്കും ചടങ്ങ്. അക്രമങ്ങൾ നടക്കുമെന്ന ഭീഷണിയുള്ളതിനാൽ മുൻപെങ്ങുമില്ലാത്ത സുരക്ഷയിലാണു തലസ്ഥാനം.സ്ഥാനമൊഴിയുന്ന പ്രസിഡന്റ് അധികാരക്കൈമാറ്റത്തിന് എത്തില്ല എന്നതും ഈ വർഷത്തെ പ്രത്യേകതയാണ്. അവസാനംവരെയും പരാജയം സമ്മതിക്കാതിരുന്ന ഡോണൾഡ് ട്രംപ് ഇന്ന് അതിരാവിലെ വൈറ്റ്‌ഹൗസ് വിടുമെന്നാണു സൂചന. സ്ഥാനമൊഴിയുന്ന പ്രസിഡന്റും മുൻ പ്രസിഡന്റുമാരും സത്യപ്രതിജ്ഞയ്ക്ക് എത്തുകയാണ് പതിവ്.ഭരണത്തുടർച്ച ലഭിക്കാത്തതിൽ ക്ഷുഭിതനും നിരാശനുമായ ട്രംപ് ഈ ഔപചാരികതകൾക്കൊന്നും നിൽക്കാതെ ഫ്ലോറിഡ പാം ബീച്ചിലുള്ള സ്വന്തം ക്ലബ്ബിലേക്കു പോകുമെന്നാണു വിവരം. മുൻ പ്രസിഡന്റുമാരായ ബറാക് ഒബാമ, ജോർജ് ഡബ്ല്യു ബുഷ്, ബിൽ ക്ലിന്റൻ എന്നിവർ കുടുംബസമേതം ചടങ്ങിനെത്തും.

ഇതിനിടെ ട്രംപ് വിടവാങ്ങല്‍ സന്ദേശം പുറത്തുവിട്ടു. പുതിയ സര്‍ക്കാരിന്റെ വിജയത്തിനായി കാത്തിരിക്കുന്നുവെന്നും, ഭരണത്തിലിരിക്കുമ്ബോള്‍ ചെയ്യാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതല്‍ ജനങ്ങള്‍ക്ക് ചെയ്തു കൊടുത്തെന്നും ട്രംപ് പറഞ്ഞു. ക്യാപിറ്റോളിലുണ്ടായ ആക്രമ സംഭവങ്ങളെക്കുറിച്ചും സന്ദേശത്തില്‍ പരാമര്‍ശിച്ചു.

Read more about:
EDITORS PICK