വൃദ്ധ ദമ്പതികള്‍ക്ക് ഭക്ഷണവും മരുന്നും നല്‍കാതെ മക്കള്‍; അച്ഛന്‍ മരിച്ചു, സംഭവം കോട്ടയത്ത്

Pavithra Janardhanan January 20, 2021

മുണ്ടക്കയത്ത് വൃദ്ധരായ മാതാപിതാക്കളോട് കരുണയില്ലാതെ മക്കള്‍. ഭക്ഷണമോ മരുന്നോ നല്‍കാതെ വീട്ടിലെ മുറിയില്‍ അടച്ചിട്ട മകന്‍ ഇവര്‍ കിടന്ന കട്ടിലില്‍ പട്ടിയെ കെട്ടിയിടുകയും ചെയ്‌തു. സ്ഥലത്തെ ആശാപ്രവര്‍ത്തകര്‍ ദമ്ബതികളുടെ ദയനീയസ്ഥിതി അറിയിച്ചതിനെ തുടര്‍ന്ന് ജനപ്രതിനിധികളും പൊലീസും സ്ഥലത്തെത്തിയപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്‌ച കണ്ടത്. അവശനായ അച്ഛന്‍ പൊടിയന്‍ ഭക്ഷണം ലഭിക്കാതെ അബോധാവസ്ഥയാിലായിരുന്നു, ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ മരണമടഞ്ഞു.

ഇവരുടെ അടുത്ത വീട്ടില്‍ താമസിച്ചിരുന്ന ഇളയമകന്‍ റജിയാണ് ദമ്ബതികള്‍ക്ക് സമീപം പട്ടിയെ കെട്ടിയിട്ടത്. പട്ടിയെ ഭയന്ന് നാട്ടുകാരൊന്നും അടുത്തെത്തിയിരുന്നില്ല. മകന്‍ പട്ടിക്ക് കൃത്യമായി ഭക്ഷണം നല്‍കിയിരുന്നു. ആരോഗ്യ പ്രവര്‍‌ത്തകരും ജനപ്രതിനിധികളും എത്തിയെങ്കിലും വൃദ്ധ ദമ്ബതികളുടെ ബന്ധുക്കള്‍ വീട്ടിലേക്ക് കയറാന്‍ അനുവദിച്ചില്ല. തുടര്‍ന്ന് പൊലീസ് എത്തിയപ്പോഴാണ് ഇവര്‍ വഴങ്ങിയത്. ആശുപത്രിയിലെത്തിച്ച പൊടിയന്‍ (80) മരിച്ചതായി സ്ഥിരീകരിച്ചു. പോസ്‌റ്റുമോര്‍ട്ടം നടപടികള്‍ നടക്കുകയാണ്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച ഭാര്യ അമ്മിണിയെ(76) കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

Read more about:
EDITORS PICK