ജനപ്രിയ സീരിയൽ നടി വി.ജെ. ചിത്രയുടെ ആത്മഹത്യയ്ക്കു പിന്നിൽ കൂടുതൽ കണ്ടെത്തലുകൾ പുറത്ത്. കേസിൽ അറസ്റ്റിലായ നടിയുടെ ഭർത്താവ് ഹേംനാഥ് രവി മരണത്തിനു തൊട്ടുപിന്നാലെ സുഹൃത്തിനോട് സംസാരിക്കുന്ന ടെലിഫോൺ സംഭാഷണം പ്രാദേശിക മാധ്യമങ്ങളാണ് പുറത്തു വിട്ടത്. ചിത്രയുടെ മരണ കാരണം കടുത്ത മാനസിക സമ്മർദമെന്ന പൊലീസ് കണ്ടെത്തലിനെ സാധൂകരിക്കുന്ന തെളിവുകൾ ആണിത്. ഡിസംബർ 9 ന് നസ്രത്ത്പെട്ടിലെ ആഡംബര ഹോട്ടലിൽ ആത്മഹത്യ ചെയ്യുന്നതിനു തൊട്ടുമുൻപ് സഹതാരത്തോടൊപ്പം നൃത്തം ചെയ്തതിനെ താൻ ചോദ്യം ചെയ്തുവെന്നും കുപിതയായ നടി ശുചിമുറിയിൽ കയറി വാതിൽ അടച്ചുവെന്നും ചിത്ര കടുംകൈ ചെയ്യുമെന്നു ഒരിക്കിലും കരുതിയിരുന്നില്ലെന്നും ഫോൺ സംഭാഷണത്തിൽ ഹേംനാഥ് രവി പറയുന്ന ഭാഗമാണ് പുറത്തായത്.