കൊല്ലത്തെ മുളങ്കാടകം ക്ഷേത്രത്തിൽ തീപിടുത്തം. ഇന്ന് പുലർച്ചെയാണ് സംഭവം.വെളുപ്പിനെ 4 മണിയോടെയാണു ചുറ്റമ്പലത്തിനു മുകളില്‍നിന്നു തീ ഉയരുന്നത് ദേശീയപാതയില്‍ പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സംഘത്തിന്റെ ശ്രദ്ധയില്‍ പെട്ടത്.ദേശീയപാതയിൽനിന്നു കുറച്ച് അകത്തേക്കുള്ള ക്ഷേത്രത്തിന്റെ കോമ്പൗണ്ടിൽ എത്തി നോക്കുമ്പോഴാണു ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിലെ ഗോപുരം ആളി കത്തുന്നതു ശ്രദ്ധയിൽ പെട്ടത്.
ഉടൻ തന്നെ ഇവർ ഫയർഫോഴ്സിനു വിവരം നൽകി. തുടർന്നു സമീപവാസികളുടെയും നാട്ടുകാരുടെയും പൊലീസിന്റെയും നേതൃത്വത്തിൽ തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ കടപ്പാക്കട, ചാമക്കട എന്നിവിടങ്ങളിൽനിന്നു 5 യൂണിറ്റ് അഗ്നിരക്ഷാസേന സംഘം എത്തി ഒരു മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിൽ തീ അണച്ചത്.
തടിയിൽ നിർമിച്ചിരിക്കുന്ന ചുറ്റമ്പലത്തിന്റെ മുൻപിലെ ഗോപുരത്തിൽ സ്ഥാപിച്ചിരുന്ന കെടാവിളക്ക് താഴേക്കു വീണു തീ പടർന്നതാകാം എന്നാണു പ്രാഥമിക വിലയിരുത്തൽ. ഫയര്‍ഫോഴ്സ് അടക്കമുള്ള സംഘങ്ങള്‍ കൃത്യ സമയത്ത് എത്തിയതിനാല്‍ തീ പടരുന്നതു നിയന്ത്രിക്കാനും കെടുത്താനും സാധിച്ചു. ക്ഷേത്രം, ചുറ്റമ്പലം എന്നിവയുടെ ഭൂരിഭാഗവും പാരമ്പര്യ തനിമയില്‍ തടിയിലാണ് ഇവിടെ നിര്‍മിച്ചിരിക്കുന്നത്. അതിനാല്‍, തീ അതിവേഗം തടിയിലേക്കു പടരുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.