സ്കൂളുകളുടെ പ്രവർത്തനത്തിന് പുതുക്കിയ മാർഗ രേഖ

Pavithra Janardhanan January 23, 2021

10, 12 ക്ലാസുകൾ ആരംഭിച്ച സാഹചര്യത്തില്‍ സ്കൂളുകളുടെ പ്രവർത്തനത്തിന് പുതുക്കിയ മാർഗ നിർദേശവുമായി പൊതു വിദ്യാഭ്യാസ വകുപ്പ്. ഒരു ബെഞ്ചിൽ രണ്ടു കുട്ടികളെ വരെ ഇരുത്താമെന്നാണ് പുതിയ നിര്‍ദേശത്തില്‍ പറയുന്നത്. നിലവിൽ ഒരു ബെഞ്ചിൽ ഒരു കുട്ടിയെ മാത്രമാണ് ഇരുത്താനായിരുന്നു നിര്‍ദേശം.100ൽ താഴെ കുട്ടികളുള്ള സ്കൂളുകളിൽ എല്ലാ കുട്ടികൾക്കും ഒരേ സമയം വരാം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാവണം കുട്ടികളെ വിന്യസിക്കേണ്ടത്. 100ൽ കൂടുതൽ കുട്ടികളുള്ള സ്കൂളുകളിൽ ഒരു സമയം 50% വിദ്യാർഥികൾ എന്ന നിലയിൽ അധ്യയനം ക്രമീകരിക്കണം. രാവിലെയും ഉച്ചകഴിഞ്ഞും രണ്ടു ബാച്ചുകളായി കുട്ടികൾ വരുന്നതാണ് നിലവിലെ ക്രമീകരണം. എന്നാൽ ഉച്ചസമയത്ത് ഗതാഗത സൗകര്യം വേണ്ടത്ര ഇല്ലാത്തതു മൂലമുള്ള ബുദ്ധിമുട്ടുള്ളതിനാൽ രാവിലെ വരുന്ന കുട്ടികളെ ആവശ്യമെങ്കിൽ വൈകുന്നേരം വരെ സ്കൂളിൽ ഇരുത്താം. ആവശ്യമെങ്കിൽ ഒന്നിടവിട്ട ദിവസങ്ങളിൽ കുട്ടികൾ വരുന്ന വിധവും ക്രമീകരിക്കാം.

കുട്ടികൾ വീട്ടിൽ നിന്നു കൊണ്ടുവരുന്ന ഭക്ഷണം ക്ലാസിൽ സ്വന്തം ഇരിപ്പിടങ്ങളിൽ തന്നെ ഇരുന്നു കഴിക്കുന്നുവെന്ന് ഉറപ്പാക്കണം. ശനിയാഴ്ച പ്രവൃത്തി ദിവസമായതിനാൽ അന്നും ആവശ്യമെങ്കിൽ കുട്ടികൾക്കു സ്കൂളിലേക്കു വരാം. 10,12 ക്ലാസുകളിലെ വർക് ഫ്രം ഹോം ആനുകൂല്യം ലഭിക്കാത്ത എല്ലാ അധ്യാപകരും സ്കൂളിൽ ഹാജരാകണം. വീഴ്ച വരുത്തിയാൽ പ്രഥമാധ്യാപകൻ മേൽ ഉദ്യോഗസ്ഥർക്കു റിപ്പോർട്ട് നൽകി നടപടി സ്വീകരിക്കണം.

Tags: ,
Read more about:
EDITORS PICK