ഇന്ത്യയിലെന്നല്ല, ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ മോട്ടോ കോർപിന്റെ ഇതുവരെയുള്ള മൊത്തം ഉൽപ്പാദനം 10 കോടി യൂണിറ്റ് പിന്നിട്ടു. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലുള്ള നിർമാണശാലയിൽ നിന്നു പുറത്തെത്തിയ ‘എക്സ്ട്രീം 160 ആർ’ ബൈക്കാണു ഹീറോ മോട്ടോ കോർപിന് ഈ ചരിത്ര നേട്ടം സമ്മാനിച്ചത്. ആഗോളതലത്തിൽതന്നെ ഇത്ര വേഗത്തിൽ 10 കോടി യൂണിറ്റ് ഉൽപ്പാദനം കൈവരിക്കുന്നത് ഇതാദ്യമാണെന്നും ഹീറോ മോട്ടോ കോർപ് അവകാശപ്പെടുന്നു.ബൈക്കിലെ 163 സി സി, എയർ കൂൾഡ്, ഫോർ സ്ട്രോക്ക്, ഇരട്ട വാൽവ്, സിംഗിൾ സിലിണ്ടർ എൻജിന് 8,500 ആർ പി എമ്മിൽ 15.3 പി എസ് വരെ കരുത്തും 6,500 ആർ പി എമ്മിൽ 14 എൻ എം വരെ ടോർക്കും സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാണു ട്രാൻസ്മിഷൻ. ബൈക്കിന് 1,03,900 രൂപയാണു ഡൽഹിയിലെ ഷോറൂം വില.
ഉൽപ്പാദന മേഖലയിലെ ഈ അപൂർവ നേട്ടം ആഘോഷിക്കാൻ ഇതടക്കം ആറു പ്രത്യേക പതിപ്പുകളാവും ഹീറോ മോട്ടോ കോർപ് അളതരിപ്പിക്കുക; മോട്ടോർ സൈക്കിളുകളായ ‘സ്പ്ലെൻഡർ പ്ലസ്’, ‘എക്സ്ട്രീം 160 ആർ’, ‘പാഷൻ പ്രോ’, ‘ഗ്ലാമർ’ എന്നിവയുടെയും ‘ഡെസ്റ്റിനി 125’, ‘മാസ്ട്രൊ എഡ്ജ് 110’ സ്കൂട്ടറുകളുടെയും പ്രത്യേക പതിപ്പുകളാണ് പുറത്തിറങ്ങുക. ഇവയെല്ലാം അടുത്ത മാസം വിൽപ്പനയ്ക്കെത്തുമെന്നാണു പ്രതീക്ഷ