ലഹരി ഉപയോഗം വീട്ടിൽ അറിയിച്ചെന്ന് ആരോപിച്ച് പതിനേഴുകാരന് ക്രൂരമർദനം. കൊച്ചി കളമശേരിയിൽ ഗ്ലാസ് ഫാക്ടറി കോളനിക്കു സമീപമാണ് സംഭവം.അവശനായി വീണ കുട്ടിയെ നൃത്തം ചെയ്യിപ്പിക്കുന്നതും മെറ്റലിൽ മുട്ടുകുത്തി ഇരുത്തുന്നതും ദൃശ്യങ്ങളിൽ കാണാം. മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ നീക്കം ചെയ്തെങ്കിലും മർദനമേറ്റ കുട്ടിയുടെ സഹോദരൻ അവ വീണ്ടെടുത്തു. ശരീരമാസകലം ക്ഷതമേറ്റ കുട്ടി ദേഹാസ്വസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ആശുപത്രി വിട്ടെങ്കിലും പതിനേഴുകാരൻ എഴുന്നേറ്റ് നടക്കാനാകാത്ത സ്ഥിതിയാണ്.
മർദനമേറ്റ കുട്ടിക്കും മർദിച്ചവർക്കും പ്രായപൂർത്തിയാവാത്തതിനാൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകളാണ് ചുമത്തിയത്. നാലു പേരെയും സറ്റേഷനിൽ വിളിച്ചുവരുത്തി മൊഴിയെടുത്ത ശേഷം മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു.