ഈ വര്‍ഷത്തെ രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് ഒഴിവാക്കി ബി.സി.സി.ഐ. കോവിഡ് കാരണം മുടങ്ങിയ നിരവധി അന്താരാഷ്ട്ര മത്സരങ്ങളടക്കം നടക്കാനുള്ളതിനാലാണ് രഞ്ജിട്രോഫി മത്സരം ബി.സി.സി.ഐ റദ്ദാക്കുന്നത്. പകരം വിജയ് ഹസാരെ ട്രോഫിയും, വിനൂ മങ്കാദ് ട്രോഫിയും നടത്താനാണ് തീരുമാനം. 87 വര്‍ഷത്തിന് ഇടയില്‍ ആദ്യമായാണ് രഞ്ജി ട്രോഫി ടൂര്‍ണമെന്റ് ഉപേക്ഷിക്കുന്നത്. കൊവിഡിന്റെ ഇടവേളയ്ക്ക് ശേഷം ജനുവരിയിലാണ് ഇന്ത്യയില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് പുനരാരംഭിച്ചത്. ആദ്യം സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റാണ് സംഘടിപ്പിച്ചത്. ഫൈനലിലേക്ക് ടൂര്‍ണമെന്റ് എത്തി നില്‍ക്കുകയാണ്.
അടുത്തതായി രഞ്ജി ട്രോഫി നടക്കുമെന്ന് പ്രതീക്ഷിച്ചിരിക്കവെയാണ് ടൂര്‍ണമെന്റ് ഈ വര്‍ഷം ഉണ്ടാകില്ലെന്ന് ബിസിസിഐ അറിയിക്കുന്നത്. ഇതിനോടകം തന്നെ പല ടീമുകളും ടൂര്‍ണമെന്റിനായുള്ള മുന്നൊരുക്കം തുടങ്ങിയിരുന്നു. ഇതിനിടയിലാണ് ബിസിസിെഎ നിര്‍ണായക തീരുമാനം കൈക്കൊണ്ടത്. വനിതാ ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ ആരംഭിക്കേണ്ടതും നിലവില്‍ അത്യാവശ്യമാണ്. അതിനാലാണ് വിജയ് ഹസാരെ ട്രോഫിക്കൊപ്പം വനിതാ ക്രിക്കറ്റ് ടീം ടൂര്‍ണമെന്റും നടത്താന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ബിസിസിഐ സെക്രട്ടറി പറഞ്ഞു.